കായംകുളത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; രക്ഷകനായി എത്തിയ വ്യാപാരി നേതാവിനെതിരെ പരാതി

വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്

Apr 12, 2026 - 09:46
Apr 12, 2026 - 09:46
 0
കായംകുളത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; രക്ഷകനായി എത്തിയ വ്യാപാരി നേതാവിനെതിരെ പരാതി

കായംകുളം: വാഹനാപകടത്തിൽപ്പെട്ട് സഹായത്തിനായി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം. രക്ഷിക്കാനെന്ന വ്യാജേന എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഉപദ്രവിച്ചതായാണ് പരാതി. ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിക്കുന്നില്ലെന്നും യുവതി പരാതിപ്പെടുന്നു.

അപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞാണ് പ്രതി വാഹനത്തിൽ കയറ്റിയത്. എന്നാൽ യാത്രാമധ്യേ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് പ്രതിയും അനുയായികളും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്തി. പരാതി പിൻവലിക്കാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തതായും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിക്കെതിരെ കേസെടുത്തതൊഴിച്ചാൽ മറ്റ് നടപടികളൊന്നുമുണ്ടായിട്ടില്ല. പ്രതിയുടെ ഉന്നത സ്വാധീനമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി യുവതി പറയുന്നു. സംഭവം നടന്ന് ദിവസങ്ങളായിട്ടും യുവതിയുടെ വൈദ്യപരിശോധന നടത്താനോ രഹസ്യമൊഴി രേഖപ്പെടുത്താനോ പോലീസ് തയ്യാറായിട്ടില്ല. നീതിക്കായി നിരന്തരം സ്റ്റേഷൻ കയറിയിറങ്ങിയിട്ടും അവഗണനയാണ് നേരിടുന്നതെന്ന് ഇരയായ യുവതി ആരോപിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow