ഹരിയാനയിൽ നാല് വയസ്സുകാരൻ 220 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഛണ്ഡിഗഡ്: ഹരിയാനയിലെ അംബാല ജില്ലയിൽ കളിപ്പാട്ടങ്ങൾക്കിടയിൽ നിന്നും ദുരന്തത്തിലേക്ക് നാല് വയസ്സുകാരൻ വീണുപോയതിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമം മുഴുവൻ. ബരാരയിലെ ദനൗറ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. പിതാവ് മൻജിത്തിനൊപ്പം കൃഷിയിടത്തിലേക്ക് പോയ നിർഭയ് എന്ന നാല് വയസ്സുകാരനാണ് 220 അടി താഴ്ചയുള്ള തുറന്ന കുഴൽക്കിണറിൽ അകപ്പെട്ടത്. പുലർച്ചെ മുതൽ പാടത്ത് പണിയെടുക്കുന്ന മുത്തശ്ശന് പ്രഭാതഭക്ഷണം നൽകാനാണ് കുട്ടി അച്ഛനൊപ്പം പോയത്.
മുതിർന്നവർ കൃഷിപ്പണികളിൽ മുഴുകിയിരുന്ന സമയത്ത് കുട്ടി കിണറിന് സമീപം കളിക്കുകയായിരുന്നു. കിണറിലേക്ക് മണ്ണ് വാരിയിടുന്നതിനിടെ ഉള്ളിലേക്ക് എത്തിനോക്കിയ കുട്ടി കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കിണറിന് ചുറ്റുമുള്ള ഭാഗം നനഞ്ഞുകിടന്നിരുന്നതിനാൽ വഴുക്കലുണ്ടായിരുന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്. കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് നിലവിൽ നാട്ടുകാരും ഭരണകൂടവും രക്ഷാപ്രവർത്തകരും.
What's Your Reaction?

