ഗർഭിണിയായ ഭാര്യയുടെ മരണവാർത്ത താങ്ങാനാകാതെ; നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഭർത്താവും ജീവനൊടുക്കി
ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന വാർത്ത അറിഞ്ഞതിന്റെ ആഘാതത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഭർത്താവും ജീവനൊടുക്കിയ ദാരുണ സംഭവം ആലപ്പുഴയിൽ. മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മ (27) രണ്ട് ദിവസം മുൻപ് വീട്ടിൽ തൂങ്ങിമരിച്ചിരുന്നു. പിന്നാലെ ദോഹയിൽ ജോലി ചെയ്തിരുന്ന ഭർത്താവ് സനുക്കുട്ടൻ (30), നാട്ടിലേക്ക് മടങ്ങുംവഴി ബെംഗളൂരുവിലെ ഒരു ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നാല് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഹരീഷ്മ മൂന്ന് മാസം ഗർഭിണിയായിരുന്നു. വിവാഹശേഷം ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി ദോഹയിലേക്ക് മടങ്ങിയത്. ഭാര്യയുടെ മരണവിവരം ലഭിച്ചതോടെ ഉടൻ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
കണക്ഷൻ വിമാനത്തിൽ ബെംഗളൂരുവിലെത്തിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എത്തുമെന്ന് സനുക്കുട്ടൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതനുസരിച്ച് സഹോദരനും മറ്റ് ബന്ധുക്കളും നെടുമ്പാശേരിയിൽ കാത്തിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിലെ ഒരു ലോഡ്ജിൽ അദ്ദേഹം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സംഭവം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്. മരണങ്ങളുടെ സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?



