കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വാക്കാൽ പരാമർശിച്ച് കേരള ഹൈക്കോടതി. മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളില്ലെന്നുള്ള കേന്ദ്രത്തിൻ്റെ നിലപാടിനെതിരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണമെന്ന് ഹൈക്കോടതി പറഞ്ഞു. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. കേന്ദ്ര നിലപാട് കോടതിയെ അസ്വസ്ഥതപ്പെടുത്തുന്നു. ആസാം, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഇന്നലെ കൂടി പണം അനുവദിച്ചല്ലോ എന്നും കോടതി ചോദിച്ചു.
ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് കോടതിയുടെ വിമർശനം.
പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദ്ദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണെന്നാണ് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചത്. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചത്.
ഈ വർഷം ജനുവരിയിലാണ് വയ്പകൾ എഴുതി തള്ളുന്നത് സംബന്ധിച്ച് കേന്ദ്രം തീരുമാനമറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. വായ്പ എഴുതി തള്ളാനാവില്ല മൊററ്റോറിയം പ്രഖ്യാപിക്കാമെന്നാണ് തുടക്കം മുതലുള്ള കേന്ദ്ര നിലപാട്.