തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലകശില്‍പ്പവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് നിയമസഭയില്‍ മറുപടിയുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. തനിക്ക് എതിരായ പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അയ്യപ്പന്‍റെ ദ്വാരപാലക ശില്‍പം ഒരു കോടിശ്വരന് വിറ്റിരിക്കുകയാണ്, ആര്‍ക്കാണന്ന് കടകംപള്ളിയോട് ചോദിച്ചാലറിയാം എന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഈ ആരോപണത്തിനെതിരെയാണ് കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
അധികാരത്തിന് വേണ്ടി ആർത്തി മുത്തയാളുടേതാണ് ഈ പരാമര്‍ശം. ഒരു രാഷ്ട്രീയനേതാവ് എത്രമാത്രം അധഃപതിക്കാമോ എന്നതിന്റെ പ്രകടമായ ഉദാഹരണം ആണിത്. ആണത്തവും തന്‍റേടവും ഉണ്ടെങ്കിൽ ആരോപണം തെളിയിക്കണം എന്ന് കടകംപള്ളി വെല്ലുവിളിച്ചു.
ആരോപണം തെളിഞ്ഞാൽ താൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇല്ലെങ്കിൽ പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകണം. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമാണ്. എന്തും പറയാം എന്നുള്ള നില സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചേർന്നാണ് ആരോപണം ഉന്നയിക്കുന്നത്. യഥാർത്ഥ കുറ്റവാളികളെ പിടിക്കുമെന്നായപ്പോൾ അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് പുകമറ സൃഷ്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നത്.