മകന്‍റെ വേർപാട് താങ്ങാനായില്ല; ബേക്കലിൽ ട്രെയിൻ തട്ടി മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കൾ ജീവനൊടുക്കി; നാടിനെ നടുക്കിയ ദുരന്തം
ഇവരുടെ ഏക മകനും മംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർത്ഥിയുമായിരുന്ന എം. ശിവാനന്ദൻ (19) കഴിഞ്ഞ ഡിസംബർ 29-നാണ് മരിച്ചത്
കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റിവലിനിടെ ട്രെയിൻ തട്ടി മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏക മകന്റെ വിയോഗത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് ദമ്പതികളെ ഈ കടുംകൈയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊയ്നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ വീടിന്റെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ ഏക മകനും മംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർത്ഥിയുമായിരുന്ന എം. ശിവാനന്ദൻ (19) കഴിഞ്ഞ ഡിസംബർ 29-നാണ് മരിച്ചത്. ബേക്കൽ ബീച്ച് ഫെസ്റ്റിവലിനിടെ റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു. മകന്റെ മരണശേഷം വേണുഗോപാലൻ നായരും സ്മിതയും വലിയ നിരാശയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മകന്റെ വേർപാടിൽ നിന്ന് മുക്തരാകാൻ കഴിയാതെ ഇവർ വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ദമ്പതികളെ പുറത്തൊന്നും കാണാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഏക മകന്റെ അപ്രതീക്ഷിത വിയോഗം ഒരു കുടുംബത്തെയാകെ ഇല്ലാതാക്കിയ വാർത്തയുടെ നടുക്കത്തിലാണ് പൊയ്നാച്ചി ഗ്രാമം. മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി സർക്കാർ സംവിധാനങ്ങൾ ലഭ്യമാണ്. ആരെങ്കിലും ഇത്തരം വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ദിശ (DISHA): 1056, മൈത്രി (Maithri): 0484 2540530
What's Your Reaction?