വടകര ലഹരി കേസ്: പ്രതിയായ അധ്യാപിക കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിൽ

Jul 27, 2026 - 12:39
Jul 27, 2026 - 12:40
 0
വടകര ലഹരി കേസ്: പ്രതിയായ അധ്യാപിക കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിൽ

കോഴിക്കോട്: വടകര ലഹരി ഇടപാട് കേസിൽ പ്രതിയായ അധ്യാപിക കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബിആർസിക്ക് കീഴിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കാവ്യയ്‌ക്കെതിരെയാണ് നടപടി. കേസിൽ അറസ്റ്റിലായ മറ്റൊരു അധ്യാപികയായ കീർത്തനയെ നേരത്തേ തന്നെ ബിആർസി സർവീസിൽ നിന്ന് ഒഴിവാക്കിയിരുന്നു. പൊലീസ് റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കാവ്യയ്‌ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു.

അധ്യാപികമാർ ലഹരി ഇടപാടിൽ ഉൾപ്പെട്ടെന്ന വാർത്ത പുറത്തുവന്നത് വലിയ ഞെട്ടലുണ്ടാക്കിയെന്ന് സഹപ്രവർത്തകർ പറയുന്നു. കീർത്തനയും കാവ്യയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും മിക്കപ്പോഴും ഒരുമിച്ചാണ് ഉണ്ടായിരുന്നതെന്നും അവർ പറയുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കീർത്തന സൂംബ ക്ലാസുകളും നടത്തിയിരുന്നു. രണ്ട് വർഷം മുമ്പ് അപകടത്തിൽപ്പെട്ട കാവ്യയ്ക്ക് കീർത്തന സഹായം ചെയ്തിരുന്നതായും പിന്നീട് കാവ്യ ആഡംബര കാർ വാങ്ങിയപ്പോൾ ചോദിച്ചപ്പോൾ അത് സഹോദരന്റെ കാറാണെന്നാണ് വിശദീകരിച്ചതെന്നും സഹപ്രവർത്തകർ പറയുന്നു.

ഇതിനിടെ, കേസിൽ കൂടുതൽ വിവരങ്ങളും പുറത്തുവരുന്നുണ്ട്. കാവ്യയും കീർത്തനയും ഏറെ ആസൂത്രിതമായാണ് ലഹരി ഇടപാടുകൾ നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ലഹരി വാങ്ങാൻ താൽപര്യമുള്ളവർ പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചശേഷം, ലഹരി ഒളിപ്പിച്ചിരിക്കുന്ന സ്ഥലത്തിന്റെ വിവരം പ്രതികൾ കൈമാറുമായിരുന്നു. തുടർന്ന് മറ്റൊരു സംഘമാണ് ആ സ്ഥലത്ത് നിന്ന് ലഹരി വിതരണം ചെയ്തിരുന്നത്. വലിയ തുക അക്കൗണ്ടിലെത്തുമ്പോൾ സംശയം ഒഴിവാക്കാൻ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ് സംശയിക്കുന്നു. കാവ്യ വാങ്ങിയ ആഡംബര കാർ ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow