കരൂർ റാലി ദുരന്തം: ടിവികെ സർക്കാരിന്റെ ആശ്രിത നിയമനങ്ങൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Jul 27, 2026 - 20:12
Jul 27, 2026 - 20:13
 0
കരൂർ റാലി ദുരന്തം: ടിവികെ സർക്കാരിന്റെ ആശ്രിത നിയമനങ്ങൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ∙ കരൂർ റാലി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ നൽകിയ ജോലി നിയമനങ്ങൾ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കി. സർക്കാരിന്റെ ഈ നടപടി ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും തുല്യ അവസരങ്ങൾക്കും (അനുച്ഛേദം 14, 16) വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു കീഴ്‌വഴക്കം ഭാവിയിൽ സമാനമായ നിരവധി അവകാശവാദങ്ങളിലേക്ക് വഴിതുറക്കുമെന്നും നിരീക്ഷിച്ചു. 2025 സെപ്റ്റംബറിലുണ്ടായ ദുരന്തത്തിൽ മരിച്ച 32 പേരുടെ അവകാശികൾക്ക് ഈ മാസമാദ്യമാണ് മുഖ്യമന്ത്രി ജോസഫ് വിജയ് സർക്കാർ ജോലി നൽകിയത്.

അതേസമയം, സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായി രംഗത്തെത്തി. തക്കതായ പരീക്ഷകൾ എഴുതി സർക്കാർ ജോലിക്കായി വർഷങ്ങളോളം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ സ്വപ്നങ്ങളെ തകർത്ത നടപടിയെ 'വഞ്ചന'യെന്നാണ് മുതിർന്ന അണ്ണാഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ വിശേഷിപ്പിച്ചത്. ആശ്രിത നിയമനങ്ങൾക്കോ നഷ്ടപരിഹാരത്തിനോ തങ്ങൾ എതിരല്ലെന്ന് വ്യക്തമാക്കിയ ഡിഎംകെ, ഇത്തരം നടപടികൾ സിബിഐയുമായി കൂടിയാലോചിച്ചും സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ പാലിച്ചും മാത്രമേ നടപ്പിലാക്കാവൂ എന്ന് പ്രതികരിച്ചു.

2025 സെപ്റ്റംബർ 27-ന് കരൂർ ജില്ലയിൽ വിജയ് നയിച്ച ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു 41 പേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവമുണ്ടായത്. വിജയിനെ കാണാനായി ജനക്കൂട്ടം പ്രചാരണ വാഹനത്തിന് അടുത്തേക്ക് ഇരച്ചുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. എന്നാൽ, വൻ ജനപങ്കാളിത്തമുണ്ടായിട്ടും മതിയായ സുരക്ഷയൊരുക്കുന്നതിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പൊലീസിനും ഭരണകൂടത്തിനും വീഴ്ച പറ്റി എന്നാണ് ടിവികെയുടെ ആരോപണം.

What's Your Reaction?

like

dislike

love

funny

angry

sad

wow