ടി.ജി. മോഹൻദാസിനെതിരെ കേസെടുക്കണം: പരാതിയുമായി ശ്രീജ നെയ്യാറ്റിൻകര

Jul 27, 2026 - 20:30
Jul 27, 2026 - 20:31
 0
ടി.ജി. മോഹൻദാസിനെതിരെ കേസെടുക്കണം: പരാതിയുമായി ശ്രീജ നെയ്യാറ്റിൻകര

തിരുവനന്തപുരം: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. ലൈംഗിക അതിക്രമ ആഹ്വാനത്തിനും വർഗീയ പ്രചാരണത്തിനും അദ്ദേഹത്തിനെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അവർ പരാതി നൽകി.

'അധികാരം ലഭിച്ചാൽ എല്ലാവരെയും വെടിവെച്ചുകൊല്ലും, ശവങ്ങൾ പെറുക്കിക്കൊണ്ടുപോകും' എന്ന മോഹൻദാസിന്റെ പരാമർശം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ശ്രീജ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളിൽ ഭീതി പരത്തുന്നതും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രസ്താവനയാണിത്. സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളെയും ബലാത്സംഗത്തെയും ന്യായീകരിക്കുന്നത് സ്ത്രീകളുടെ അന്തസ്സിനും ഭരണഘടനാ അവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും അവർ വ്യക്തമാക്കി.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ വെടിവെയ്പ്പും ലൈംഗിക അക്രമ ഭീഷണിയും കൊണ്ട് നേരിടുമെന്ന സന്ദേശം പ്രചരിപ്പിക്കുന്നത് നിയമവാഴ്ചയ്ക്ക് ഭീഷണിയാണ്. ഇത്തരം അക്രമകരമായ നിലപാടുകൾ പൊതുസമാധാനം തകർക്കുകയും വർഗീയ വിദ്വേഷം വളർത്തുകയും ചെയ്യും. അതിനാൽ കൊലപാതകത്തിനും ലൈംഗിക അതിക്രമത്തിനും പ്രേരണ നൽകിയ ടി.ജി. മോഹൻദാസിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ശ്രീജ നെയ്യാറ്റിൻകര ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow