കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർത്ഥി ആഷിക്കിനെയും ഷാലിനെയുമാണ് പൊലീസ് പിടികൂടിയത്. ഇതിൽ ആഷിക്കാണ് പ്രധാന കണ്ണിയെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ന് പുലർച്ചയോടെയാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. കഴിഞ്ഞ ദിവസം പിടിയിലായ വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോഴാണ് പൂർവ വിദ്യാർത്ഥികളുടെ പങ്കുകളെ കുറിച്ച് പുറത്തുവന്നത്.
ആഷിക്കാണ് കഞ്ചാവ് എത്തിച്ചു നൽകിയതെന്നാണ് വിവരം. മാത്രമല്ല ആഷിക്ക് നിരന്തരം കോളജ് ഹോസ്റ്റലിൽ എത്താറുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.വ്യാഴാഴ്ച എട്ടു മണിയോടെ ആഷിഖ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയത്.
അതേസമയം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പൾ പൊലീസിന് നൽകിയ കത്ത് ആണെന്നാണ് പുറത്തുവരുന്ന വിവരം. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൾ പോലീസിന് ഈ കഴിഞ്ഞ 12 നാണ് കത്ത് നൽകിയത്. ലഹരിക്കായി ക്യാംപസിൽ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിൻസിപ്പൽ അറിയിച്ചിരുന്നു.ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്.