യുവതിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതി ഇന്ന് രാഹുലിനെ ജയിലിലേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ വീണ്ടും റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതി ഇന്ന് രാഹുലിനെ ജയിലിലേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ, രാഹുൽ ഈശ്വർ ജയിലിൽ കഴിയുന്നത് 12-ാം ദിവസത്തിലേക്ക് കടന്നു.
രാഹുൽ ഈശ്വറിൻ്റെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിച്ചില്ല. ഹർജി ഡിസംബർ 15-ന് പരിഗണിക്കുന്നതിനായി മാറ്റി വെച്ച കോടതി, അതുവരെ റിമാൻഡ് തുടരാൻ നിർദ്ദേശിച്ചു. നേരത്തെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടുതവണ രാഹുലിൻ്റെ ജാമ്യഹർജി തള്ളിയിരുന്നു.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല, വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനാവുന്നില്ല, ലാപ്‌ടോപ്പിൻ്റെ പാസ്‌വേർഡ് നൽകാത്തതിനാൽ അത് പരിശോധിക്കാൻ കഴിയുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് രണ്ടുദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് അനുവദിച്ചത്.
ഈ സമയപരിധി ഇന്ന് രാവിലെ 11 മണിക്ക് അവസാനിച്ച പശ്ചാത്തലത്തിലാണ് രാഹുൽ ഈശ്വറിനെ പോലീസ് കോടതിയിൽ ഹാജരാക്കിയത്. അതിജീവിതയ്ക്ക് എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് നവംബർ 30-നായിരുന്നു പോലീസ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
What's Your Reaction?