ഗോവ നിശാക്ലബ് ദുരന്തം: ഒളിവിൽ പോയ ഉടമകൾ തായ്‌ലാൻഡിൽ അറസ്റ്റിൽ

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

Dec 11, 2025 - 12:01
Dec 11, 2025 - 12:01
 0
ഗോവ നിശാക്ലബ് ദുരന്തം: ഒളിവിൽ പോയ ഉടമകൾ തായ്‌ലാൻഡിൽ അറസ്റ്റിൽ

കട്ടക്ക് (ഗോവ): 25 പേരുടെ മരണത്തിനിടയാക്കിയ ഗോവയിലെ നിശാക്ലബ് തീപ്പിടിത്തത്തെ തുടർന്ന് ഒളിവിൽ പോയ ക്ലബ് ഉടമകളായ സഹോദരങ്ങൾ തായ്‌ലാൻഡിൽ അറസ്റ്റിലായി. സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരാണ് പിടിയിലായത്. റോമിയോ ലെയ്‌നിലെ 'ബിർച്ച് ക്ലബിൽ' കഴിഞ്ഞ ശനിയാഴ്ചയാണ് വൻ ദുരന്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

തീപ്പിടിത്തമുണ്ടായതിന് മണിക്കൂറുകൾക്ക് ശേഷം സഹോദരങ്ങൾ ഡൽഹിയിൽനിന്ന് വിമാനമാർഗം രാജ്യം വിട്ടിരുന്നു. ഡിസംബർ 7 ന് പുലർച്ചെ 1.17 ന് ഇവർ തായ്‌ലാൻഡിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായി പോലീസ് പിന്നീട് കണ്ടെത്തി. ഇവരെ പിടികൂടാൻ ഗോവ പോലീസ് ലുക്ക് ഔട്ട് നോട്ടീസും ഇൻ്റർപോൾ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റ് ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ വിസമ്മതിച്ച ഇവർ, തങ്ങൾക്കെതിരെ പ്രതികാര നടപടിയാണ് നടക്കുന്നതെന്നും ക്ലബ്ബിലെ ദൈനംദിന കാര്യങ്ങളിൽ പങ്കില്ലെന്നും അവകാശപ്പെട്ട് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. തായ്‌ലാൻഡിലേക്കുള്ള യാത്ര നേരത്തെ ആസൂത്രണം ചെയ്ത ബിസിനസ് മീറ്റിംഗ് ആയിരുന്നു എന്നും ഇവർ വാദിച്ചിരുന്നു.

ഇവരെ കസ്റ്റഡിയിലെടുത്ത് വിചാരണക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഗോവ പോലീസ് സംഘം ഉടൻ തായ്‌ലാൻഡിലേക്ക് പോകുമെന്നാണ് സൂചന. ഇതിനിടെ, ക്ലബിൻ്റെ സഹ ഉടമയായ അജയ് ഗുപ്തയെ കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിൽ വെച്ച് ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗോവ പോലീസിൻ്റെ എഫ്.ഐ.ആർ അനുസരിച്ച്, ദുരന്തത്തിന് കാരണം ക്ലബ് ഉടമകളുടെ അശ്രദ്ധയാണ്. ബിർച്ച് ക്ലബിൽ അഗ്നിശമന ഉപകരണങ്ങൾ, അലാറങ്ങൾ, ഫയർ ഓഡിറ്റ് എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ രേഖകൾ ഉണ്ടായിരുന്നില്ല. ദുരന്തത്തിനിടയാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും ഉടമകൾ, മാനേജർ, പങ്കാളികൾ, ഇവൻ്റ് ഓർഗനൈസർ, മുതിർന്ന ജീവനക്കാർ എന്നിവർ യാതൊരു മുൻകരുതലുകളും സ്വീകരിച്ചില്ല. ക്ലബ്ബിൽ എമർജൻസി എക്സിറ്റുകൾ ഇല്ലാത്തത് പല അതിഥികളും തീയിൽ അകപ്പെടാൻ കാരണമായെന്നും എഫ്.ഐ.ആറിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow