പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; ബംഗാളിനും തമിഴ്നാടിനും മുൻഗണന, കേരളത്തിന് ഇളവില്ല
കേരളത്തിലേക്ക് പുതിയ സർവീസുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്‍പത് പ്രധാന റൂട്ടുകളിലേക്ക് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കുറഞ്ഞ നിരക്കിൽ ദീർഘദൂര യാത്ര സാധ്യമാക്കുന്ന ഈ ട്രെയിനുകളുടെ പുതിയ പട്ടികയിൽ പശ്ചിമ ബംഗാളിനാണ് സിംഹഭാഗവും ലഭിച്ചിരിക്കുന്നത്. അതേസമയം, കേരളത്തിലേക്ക് പുതിയ സർവീസുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിന് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നത്. ബംഗാളിൽ നിന്ന് ന്യൂഡല്‍ഹി, ഉത്തർപ്രദേശ്, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ഉണ്ടാകും. ബംഗാളിൽ നിന്ന് തമിഴ്നാട്ടിലെ നാഗർകോവിൽ, തിരുച്ചിറപ്പള്ളി, താംബരം എന്നിവിടങ്ങളിലേക്ക് പുതിയ അമൃത് ഭാരത് ട്രെയിനുകൾ ഓടും.
മറ്റ് റൂട്ടുകൾ: അസം - ഹരിയാന, അസം - ഉത്തർപ്രദേശ് എന്നീ റൂട്ടുകളിലും പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ദീർഘദൂര യാത്രക്കാർക്കായി റെയിൽവേ പുറത്തിറക്കിയ അത്യാധുനിക നോൺ-എസി ട്രെയിനുകളാണിത്. പുഷ്-പുൾ (Push-Pull) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയ്ക്ക് വേഗത കൂടുതലായിരിക്കും.
കേരളത്തിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അമൃത് ഭാരത് ട്രെയിനുകൾ ഇത്തവണയും നിരാശയാണ് സമ്മാനിച്ചത്. തമിഴ്നാട്ടിലെ നാഗർകോവിലിലേക്ക് ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളത് തെക്കൻ കേരളത്തിലെ യാത്രക്കാർക്ക് ഭാഗികമായി ഗുണകരമായേക്കാം. പുതുതായി അമൃത് ഭാരത് എക്സ്പ്രസ് പ്രഖ്യാപിച്ച റൂട്ടുകൾ- ബംഗാൾ-ന്യൂഡല്‍ഹി, ബംഗാൾ-യു.പി, അസം -ഹരിയാന, അസം-യു.പി, ബംഗാൾ-തമിഴ്നാട്, ബംഗാൾ-നാഗർകോവിൽ, ബംഗാൾ - കർണ്ണാടക, ബംഗാൾ (ആലിപുർദൗർ)- മുംബൈ, കൊൽക്കത്ത - താംബരം, കൊൽക്കത്ത - ന്യൂഡല്‍ഹി, കൊൽക്കത്ത -ബനാറസ്.
What's Your Reaction?