ചെന്നൈ: തമിഴക വെട്രി കഴകം (ടി വി കെ) ഭാരവാഹി യോഗത്തിൽ ഡി എം കെ സർക്കാരിനും എ ഐ എ ഡി എം കെ മുന്നണിക്കെതിരെയും നിലപാട് വ്യക്തമാക്കി വിജയ്. തമിഴ് നാട്ടിൽ മുൻപ് ഭരിച്ചിരുന്നവരും ബിജെപിയ്ക്ക് അടിമകളായിരിക്കുന്നു. ഡിഎംകെ രഹസ്യമായി ബിജെപിയെ പിന്തുണയ്ക്കുന്നു. ജനങ്ങൾ ടിവികെയെ വിശ്വസിയ്ക്കുന്നു. ആ വിശ്വാസം ടിവികെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആരുടേയും അടിമയാകാന്‍ സമ്മർദമില്ല, ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മുന്നണികൾക്കൊപ്പമില്ലെന്നും ജനങ്ങൾക്കൊപ്പമാണെന്നും വിജയ് പ്രഖ്യാപിച്ചു.ടിവികെയെ എല്ലാ രാഷ്ട്രീയകക്ഷികളും വിലകുറച്ച് കാണുന്നു. എന്നാൽ ജനങ്ങൾ ടിവികെയെ ഹൃദയത്തിലേറ്റിയെന്നും വിജയ് വ്യക്തമാക്കി.
'നടക്കാനിരിക്കുന്നത് വെറും ഒരു തെരഞ്ഞെടുപ്പ് മാത്രം അല്ല, ജനാധിപത്യ പോരാണ്. ആ പോര് മുന്നില്‍ നിന്ന് നയിക്കുന്ന കമാന്‍ഡോസാണ് നിങ്ങളെന്നും വിജയ് പറഞ്ഞു. ടി വി കെയുടെ കടന്നുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. തന്നെ ആർക്കും സമ്മർദത്തിലാക്കാൻ കഴിയില്ലെന്നും, രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ലെന്നും വിജയ് തുറന്നടിച്ചു.
നിലവിലെ രാഷ്ട്രീയ പാർട്ടികൾപോലെ ടിവികെ അഴിമതി ചെയ്യില്ല. തനിക്ക് അതിന്റെ ആവശ്യമില്ല. ഒരു ദിവസം കൊണ്ട് എല്ലാം നടക്കുമെന്ന് പറയുന്നില്ല. ഇത് ഒരു ദീർഘനാൾ പ്രവർത്തനമാണ്. ക്ഷുദ്രശക്തികളും അഴിമതിക്കാരും ഇനി തമിഴ് നാട് ഭരിക്കണ്ടെന്നും വിജയ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഇനിയും മൂന്ന് മാസമാണ് ശേഷിക്കുന്നത്. ആ സമയത്തിനുള്ള നിങ്ങള്‍ നടത്തുന്ന പ്രവർത്തനത്തിലാണ് നമ്മുടെ വിജയം ഇരിക്കുന്നത്. നമ്മള്‍ നിർത്താന്‍ പോകുന്ന സ്ഥാനാർത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണം. എ ഐ എ ഡി എം കെ നേരിട്ടും ഡി എം കെ രഹസ്യമായും ബി ജെ പിയുടെ അടിമകളായെന്നും എന്നാൽ താൻ ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്നും വിജയ് വ്യക്തമാക്കി.