ഡൽഹി: സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ത്യൻ കരസേന. പുതിയ നിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
സൈനികർക്ക് ഇൻസ്റ്റാഗ്രാം, എക്സ് എന്നിവ ഉപയോഗിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഇനി മുതൽ സൈനികർക്ക് ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾ കാണാനും നിരീക്ഷിക്കാനും അനുവാദമുണ്ടാകും. എന്നാൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനോ കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ലെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
സൈനികർക്കിടയിൽ വിവരസാങ്കേതിക അവബോധം വളർത്തുന്നതിനാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. എക്സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും സമാനമായ രീതിയിലുള്ള 'വ്യൂ ഒൺലി' സൗകര്യം സൈനികർക്ക് ലഭ്യമാണ്. പാസീവ് പാർട്ടിസിപ്പേഷൻ എന്നാണ് ഈ നീക്കത്തെ സേന വിശേഷിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാൻ സൈനികർക്ക് കഴിയും.യൂണിഫോമിലുള്ള ചിത്രങ്ങളോ സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങളോ ഒരു കാരണവശാലും പങ്കുവെക്കരുതെന്നും ഉത്തരവിൽ പറയുന്നു.