പള്ളിയിൽ നിന്ന് വീട്ടിലെത്തി വീട്ടുകാരുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടെ 21-കാരൻ കുഴഞ്ഞുവീണു മരിച്ചു
ഞായറാഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷം വീട്ടുകാർക്കൊപ്പം ആഹാരം കഴിക്കുകയായിരുന്നു ആന്റോൺ
കൊച്ചി: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുനമ്പം കുറുപ്പശ്ശേരി അജിയുടെ മകൻ ആന്റോൺ (21) ആണ് മരിച്ചത്. ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായ ആന്റോണിന്റെ അപ്രതീക്ഷിത മരണം പ്രദേശത്തെയും കുടുംബത്തെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷം വീട്ടുകാർക്കൊപ്പം ആഹാരം കഴിക്കുകയായിരുന്നു ആന്റോൺ. ആദ്യം പഫ്‌സും പിന്നീട് ഉപ്പുമാവും കഴിക്കുന്നതിനിടയിലാണ് പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിച്ചത്. വീട്ടുകാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുൻപേ ആന്റോൺ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് നിലവിൽ വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണത്തിലെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?