ട്രംപിന് സുപ്രീം കോടതിയുടെ വൻ തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനാകില്ലെന്ന് വിധി
വാഷിങ്ടൻ: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് സുപ്രീം കോടതിയുടെ തിരിച്ചടി. ട്രംപ് ഭരണകൂടത്തിന്റെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി 6-3 ഭൂരിപക്ഷത്തിലാണ് സുപ്രീം കോടതി ഉത്തരവ് തള്ളിയത്.
അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരം യു.എസ്. മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അർഹതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയും താൽക്കാലിക വീസയിൽ എത്തുന്നവരുടെയും മക്കൾക്ക് സ്വയമേവ പൗരത്വം നൽകുന്നത് തടയാനായിരുന്നു ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്. എന്നാൽ ഇതിന് ഭരണഘടനാപരമായ അടിത്തറയില്ലെന്ന് കോടതി വിലയിരുത്തി.
ഒൻപതംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ ക്ലാരൻസ് തോമസ്, നീൽ ഗോർസുച്, സാമുവൽ അലിറ്റോ എന്നിവർ വിധിയോട് വിയോജിച്ചു.
രണ്ടാം പ്രസിഡൻഷ്യൽ കാലാവധിയുടെ ആദ്യദിനമായ 2025 ജനുവരി 20-നാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ ഫെഡറൽ കോടതികൾ നേരത്തെ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.
ഏപ്രിലിൽ കേസിന്റെ വാദം സുപ്രീം കോടതിയിൽ നടന്നപ്പോൾ പ്രസിഡന്റ് ട്രംപ് നേരിട്ട് ഹാജരായിരുന്നു. ഇതോടെ സുപ്രീം കോടതിയിലെ വാദം കേൾക്കലിൽ പങ്കെടുക്കുന്ന അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ സിറ്റിങ് പ്രസിഡന്റെന്ന റെക്കോർഡും ട്രംപ് സ്വന്തമാക്കി.
What's Your Reaction?



