പൈക്ക ഫണ്ട് തട്ടിപ്പ്: 11.91 കോടി രൂപയുടെ ദുരൂഹതയിൽ കൂടുതൽ അന്വേഷണം; ധനകാര്യ പരിശോധനയ്ക്ക് ഉത്തരവ്
തിരുവനന്തപുരം: പൈക്ക (പഞ്ചായത്ത് യുവ ക്രീഡ ഓർ ഖേൽ അഭിയാൻ) പദ്ധതി ഫണ്ട് തട്ടിപ്പിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു.
സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചപ്പോൾ കൂടുതൽ അന്വേഷണം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ പൈക്ക കോർഡിനേറ്റർക്കെതിരെ പരാതികൾ ഉയർന്നിരുന്നുവെന്നും 2025 ജൂൺ 11-ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും റിപ്പോർട്ട് ഇതുവരെ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയിൽ എംഎൽഎമാരായ കെ.പി. നൗഷാദ് അലി, സജീവ് ജോസഫ്, കെ. ജയന്ത്, വി.എസ്. ജോയ് എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സർക്കാരിന്റെ പഞ്ചായത്ത് യുവ ക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ച തുകയിൽ 11.91 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വിവരാവകാശ രേഖയിലൂടെ ലഭിച്ച വിവരങ്ങളോടെയാണ് തുക കാണാതായെന്ന വിവാദം പുറത്തുവന്നത്.
കേരളത്തിന് പദ്ധതിയിലൂടെ അനുവദിച്ച 36.37 കോടി രൂപയിൽ 23.88 കോടി രൂപ വിവിധ തദ്ദേശ സ്ഥാപനങ്ങൾ വഴി ചെലവഴിച്ചു. 2014-ൽ പദ്ധതി അവസാനിപ്പിച്ചപ്പോൾ 48.29 ലക്ഷം രൂപ കേന്ദ്രത്തിന് തിരിച്ചടച്ചതായും 8.97 ലക്ഷം രൂപ പൈക്കയുടെ ബാങ്ക് അക്കൗണ്ടിൽ ശേഷിച്ചതായും രേഖകളിൽ പറയുന്നു. എന്നാൽ ബാക്കി 11.91 കോടി രൂപയുടെ കണക്ക് കണ്ടെത്താൻ സ്‌പോർട്‌സ് കൗൺസിലിന് കഴിഞ്ഞിട്ടില്ല.
സംഭവത്തിൽ വകുപ്പുതല അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്ന മന്ത്രി, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കായിക വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടികൾ കാണാതായ സംഭവത്തിൽ പൈക്കയുടെ മുൻ കോർഡിനേറ്ററും നിലവിലെ കേരള സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ എം.ആർ. രഞ്ജിത്തിന്റെ പങ്കും വിശദമായി പരിശോധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
തട്ടിപ്പ് വിവാദം പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്ത് രാജിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കരുതെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്. 2011-ൽ പദ്ധതി നടത്തിപ്പിലെ അപാകതകളെ തുടർന്ന് പൈക്ക കോർഡിനേറ്റർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട രഞ്ജിത്ത്, 2016-ൽ കേരള സ്‌പോർട്‌സ് കൗൺസിൽ ഭരണസമിതി അംഗമായാണ് തിരിച്ചെത്തിയത്.
What's Your Reaction?



