പരപ്പനങ്ങാടിയിൽ വൻ മണ്ണിടിച്ചിൽ; അശാസ്ത്രീയ മണ്ണെടുപ്പെന്ന് നാട്ടുകാർ, നടപടി ഉറപ്പാക്കി മന്ത്രി

Aug 3, 2026 - 11:15
Aug 3, 2026 - 11:15
 0
പരപ്പനങ്ങാടിയിൽ വൻ മണ്ണിടിച്ചിൽ; അശാസ്ത്രീയ മണ്ണെടുപ്പെന്ന് നാട്ടുകാർ, നടപടി ഉറപ്പാക്കി മന്ത്രി

മലപ്പുറം: പരപ്പനങ്ങാടി–നാടുകാണി സംസ്ഥാനപാതയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് സംഭവം. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് മണ്ണിടിച്ചിൽ ആരംഭിച്ചിരുന്നുവെന്നും ജനവാസ മേഖലയായതിനാൽ നാട്ടുകാർ ആശങ്കയിലാണെന്നും റിപ്പോർട്ടുണ്ട്.

മണ്ണിടിച്ചിലിൽ റോഡിലേക്ക് വലിയ തോതിൽ മണ്ണ് പതിക്കുകയും തെങ്ങുകൾ ഉൾപ്പെടെ കടപുഴകി വീഴുകയും ചെയ്തു. ഇതോടെ സംസ്ഥാനപാതയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു. ജെസിബി ഉപയോഗിച്ചുള്ള അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടസാധ്യത നേരത്തെ തന്നെ റവന്യൂ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ ആരോപിച്ചു.

സംഭവസ്ഥലത്ത് ഗതാഗത നിയന്ത്രണത്തിനായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് ഉണ്ടായിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം, മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങൾ കണ്ടതായും വിഷയത്തിൽ ജില്ലാ കലക്ടറെയും പൊലീസ് മേധാവിയെയും ബന്ധപ്പെട്ടതായും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ആശുപത്രി നിർമ്മാണത്തിനായി സർക്കാർ അനുവദിച്ച സ്ഥലത്താണ് അശാസ്ത്രീയമായി മണ്ണെടുത്തതെന്നും നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow