മഹിളാ മോർച്ചയുടെ പ്രതിഷേധത്തിനെതിരെ പരിഹാസവുമായി കെ. മുരളീധരൻ; 'കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടിയത് അറിഞ്ഞില്ലേ' എന്ന് ചോദ്യം"
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വൈകുന്നു എന്നാരോപിച്ച് മഹിളാ മോർച്ച നടത്തിയ സംസ്ഥാന വ്യാപക പ്രതിഷേധത്തെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും നിയുക്ത വട്ടിയൂർക്കാവ് എംഎൽഎയുമായ കെ. മുരളീധരൻ. ഒരു സർക്കാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം തെരുവിൽ മുറവിളി കൂട്ടുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. സ്വന്തം കേന്ദ്ര സർക്കാർ രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടിയത് മഹിളാ മോർച്ച പ്രവർത്തകർ അറിഞ്ഞില്ലേ എന്നും ഇവർ ഈ രാജ്യത്തല്ലേ ജീവിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളെയും ഇന്ധനവില വർധനവിനെയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ആഗോള യുദ്ധസാഹചര്യങ്ങളുടെ പേര് പറഞ്ഞ് നാട്ടിലെ ഹോട്ടലുകൾ പലതും അടച്ചിടേണ്ട അവസ്ഥയിലാണ്. ഹോട്ടൽ ഉടമകളും ജീവനക്കാരും കടുത്ത പ്രതിസന്ധി നേരിടുന്നു. ഇന്ധനവില വർധിപ്പിച്ചുള്ള കേന്ദ്ര തീരുമാനം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണ്. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന യുദ്ധങ്ങളിൽ ഇന്ത്യക്ക് കൃത്യമായ ഒരു നിലപാട് പോലുമില്ല. പണ്ട് ലോകരാജ്യങ്ങൾ ഇന്ത്യ എന്ത് പറയുന്നു എന്ന് കേൾക്കാൻ കാതോർത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് നരേന്ദ്ര മോദിയുടെ തെറ്റായ വിദേശ-ആഭ്യന്തര നയങ്ങൾ കാരണം ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ വിലയിടിഞ്ഞെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
What's Your Reaction?

