ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ പാറ; 13 പേർക്ക് ദാരുണാന്ത്യം
ഷിംല:ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണ് 13 പേർ മരിച്ചു. ഗോത്രവർഗ മേഖലയായ പാംഗി താഴ്‌വരയിലെ കില്ലർ–ഉദയ്പുർ റോഡിലെ കാഡു നല്ലയിലാണ് അപകടം.
മലഞ്ചെരിവിന്റെ വലിയൊരു ഭാഗം തകർന്ന് വാഹനത്തിന് മുകളിലേക്ക് പതിച്ചതോടെയാണ് ദുരന്തമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന 13 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഭർമൗർ–പാംഗി എംഎൽഎ ഡോ. ജനക് രാജ് അറിയിച്ചു.
അപകടവിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി. തകർന്ന വാഹനത്തിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനും റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
സംസ്ഥാനത്ത് ശക്തമായ മൺസൂൺ മഴ തുടരുന്നതിനിടെയാണ് അപകടം. വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജൂലൈ 23 മുതൽ 26 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 27 മുതൽ 29 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിട്ടുണ്ട്. കില്ലർ–ഉദയ്പുർ റോഡ് ഉരുൾപൊട്ടലിനും പാറയിടിച്ചിലിനും പേരുകേട്ട ദുർഘട മേഖലയാണ്. കാലവർഷക്കാലത്ത് ഇവിടെ പാറക്കല്ലുകൾ ഇടിഞ്ഞുവീഴുന്നത് പതിവാണ്.
What's Your Reaction?



