കമലേശ്വരം കരാർ വിവാദം: മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മേയർ വി.വി. രാജേഷ്
തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലുള്ള കമലേശ്വരം കൺവെൻഷൻ സെന്ററിന്റെ കരാർ നൽകിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. മുൻ മേയർ ആര്യ രാജേന്ദ്രൻ തന്റെ ഇഷ്ടക്കാർക്ക് വഞ്ഞവഴിയിലൂടെ കരാർ നൽകിയെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മേയർ വി.വി. രാജേഷ് നഗരസഭാ സെക്രട്ടറി ബിനിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം എടുത്തത്.
ഭരണപക്ഷ അംഗമായ വി.ജി. ഗിരികുമാറാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്. നഗരസഭയുടെ ആസ്തികൾ കരാർ നൽകേണ്ട ചുമതല ധനകാര്യ സ്ഥിരം സമിതിക്കാണെന്നിരിക്കെ, അതിനെ മറികടന്ന് എൻജിനീയറിങ് വിഭാഗം വഴി കരാർ നൽകിയത് ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ധനകാര്യ സ്ഥിരം സമിതിയിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. ഇത് മറികടക്കാനാണ് ആര്യ രാജേന്ദ്രൻ എൻജിനീയറിങ് വിഭാഗത്തെ ഉപയോഗിച്ച് ധൃതിപിടിച്ച് ഫയലുകൾ നീക്കിയതെന്നും ഗിരികുമാർ കുറ്റപ്പെടുത്തി. സെക്രട്ടറി പോലും കാണാതെ മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ഉദ്യോഗസ്ഥർ ഫയലിൽ ഒപ്പിട്ടത് അഴിമതിയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭയുടെ ആസ്തികളെ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് കൗൺസിൽ അംഗം കെ.എസ്. ശബരീനാഥ് ആവശ്യപ്പെട്ടു. സ്ഥിരം, കരാർ ജീവനക്കാരുടെ കൃത്യമായ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നും അനധികൃത നിയമനങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കും.
What's Your Reaction?