നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാനിന് ദാരുണാന്ത്യം
ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം.

മലപ്പുറം: നിലമ്പൂരിലെ വനത്തിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പൂച്ചപ്പാറ സ്വദേശിയും ചോലനായ്ക്കൻ സമുദായക്കാരനുമായ മണി (40) ആണ് മരിച്ചത്.
വൈകിട്ട് 7 മണിയോടെ ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം.
മണിയോടൊപ്പമുണ്ടായിരുന്ന കാർത്തിക്കിനും കുട്ടിവീരനും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാനായെങ്കിലും കാട്ടാനയുടെ ആക്രമണത്തിൽ മണിയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് വനപാലകരെത്തി രക്തം വാർന്ന നിലയിലായിരുന്ന മണിയെ ജീപ്പിൽ ചെറുപുഴയിൽ എത്തിച്ചു. അവിടെ നിന്ന് ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലമ്പൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?






