ട്രെയിൻ വൈകി, പരീക്ഷ മുടങ്ങി; വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയ്ക്ക് ഉത്തരവ്
45 ദിവസത്തിനകം തുക കൈമാറണമെന്നും പരാജയപ്പെട്ടാൽ 12 ശതമാനം പലിശ കൂടി നൽകണമെന്നുമാണ് വിധി
ട്രെയിൻ വൈകിയതിനാൽ ബി.എസ്.സി ബയോടെക്നോളജി പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാതെ പോയ ഉത്തർപ്രദേശ് സ്വദേശിനിയായ സമൃദ്ധിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 45 ദിവസത്തിനകം തുക കൈമാറണമെന്നും പരാജയപ്പെട്ടാൽ 12 ശതമാനം പലിശ കൂടി നൽകണമെന്നുമാണ് വിധി.
2018 മെയ് 7 നാണ് സംഭവം. ലഖ്‌നൗവിൽ നടക്കേണ്ട പരീക്ഷയ്ക്കായി ബസ്തിയിൽ നിന്ന് ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിലാണ് സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. രാവിലെ 11 മണിക്ക് ലഖ്‌നൗവിൽ എത്തേണ്ടിയിരുന്ന ട്രെയിൻ രണ്ടര മണിക്കൂറോളം വൈകിയാണ് എത്തിയത്. 12:30-ന് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന വിദ്യാർഥിനിക്ക് ഇതോടെ പരീക്ഷാ കേന്ദ്രത്തിൽ എത്താനായില്ല.
ഒരു വർഷത്തോളം പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന തനിക്ക് അവസരം നഷ്ടപ്പെട്ടതിലൂടെ വലിയ മാനസിക വിഷമവും സമയനഷ്ടവും ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സമൃദ്ധി കമ്മീഷനെ സമീപിച്ചത്.
ട്രെയിൻ വൈകിയത് റെയിൽവേ സമ്മതിച്ചെങ്കിലും അതിന് വ്യക്തമായ കാരണം ബോധിപ്പിക്കാൻ അവർക്കായില്ല.
വിദ്യാർഥിനിക്കുണ്ടായ നഷ്ടത്തിന് റെയിൽവേ ഉത്തരവാദിയാണെന്ന് കമ്മീഷൻ വ്യക്തമാക്കി. 20 ലക്ഷം രൂപയായിരുന്നു പരാതിക്കാരി ആവശ്യപ്പെട്ടിരുന്നതെങ്കിലും 9.10 ലക്ഷം രൂപ അനുവദിക്കാൻ കമ്മീഷൻ തീരുമാനിച്ചു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സാധാരണക്കാരായ യാത്രക്കാർക്ക് ആശ്വാസകരമാകുന്ന ഇത്തരമൊരു വിധി പുറത്തുവന്നിരിക്കുന്നത്.
What's Your Reaction?

