ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; പ്രവർത്തനം താത്കാലികമായി നിർത്തി

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിയിരിക്കുകയാണ്

Mar 16, 2026 - 11:34
Mar 16, 2026 - 11:34
 0
ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; പ്രവർത്തനം താത്കാലികമായി നിർത്തി

അബുദാബി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം വീണ്ടും ഡ്രോൺ ആക്രമണം. വിമാനത്താവള പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ട് തീ അണച്ചു. വൻ ദുരന്തം ഒഴിവായതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിയിരിക്കുകയാണ്. ഇറാന്റെ ആക്രമണം രണ്ടാഴ്ച പിന്നിടുമ്പോൾ ഗൾഫ് രാജ്യങ്ങളെല്ലാം പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

ആക്രമണ ഭീഷണികൾക്കിടയിലും യുഎഇയിലെ ഫുജൈറയിൽ നിന്ന് എണ്ണ നിറച്ച ഇന്ത്യൻ കപ്പൽ 'ജഗ് ലാഡ്‌കി' ഇന്ത്യയിലേക്ക് തിരിച്ചു. ഫുജൈറയിൽ എണ്ണ നിറയ്ക്കുന്ന സമയത്താണ് അവിടെ ഇറാന്റെ ഡ്രോണാക്രമണം ഉണ്ടായത്. എന്നാൽ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇതിനോടകം രണ്ട് കപ്പലുകൾ ഇന്ത്യയിൽ സുരക്ഷിതമായി എത്തിയിട്ടുണ്ട്.

ഇറാനിൽ നിന്ന് തങ്ങളുടെ രാജ്യത്തെ ലക്ഷ്യമാക്കി വന്ന ഡ്രോണുകളെല്ലാം സായുധ സേന തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ സൗദി സേന പ്രതിരോധിച്ചു. ഇന്നലെ മാത്രം 4 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളുമാണ് യുഎഇ നേരിട്ടത്. സംഘർഷം തുടങ്ങിയ ശേഷം ഇതുവരെ 142 പേർക്ക് പരിക്കേറ്റു. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ ഒമാനിലെയും സൗദിയിലെയും തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow