ഒഡീഷയിൽ മെഡിക്കൽ കോളജ് ഐസിയുവിൽ തീപിടിത്തം: 10 രോഗികൾ മരിച്ചു
പുലർച്ചെ 2.30-ഓടെ ട്രോമ കെയർ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്
ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ പത്ത് രോഗികൾ ദാരുണമായി കൊല്ലപ്പെട്ടു. പുലർച്ചെ ഐസിയു വാർഡിലുണ്ടായ അപകടത്തിൽ രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 11 ആശുപത്രി ജീവനക്കാർക്കും പൊള്ളലേറ്റു. മുഖ്യമന്ത്രി മോഹൻ ചരൺ മാജി സംഭവസ്ഥലം സന്ദർശിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
പുലർച്ചെ 2.30-ഓടെ ട്രോമ കെയർ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഐസിയു വാർഡുകളിലായി ഉണ്ടായിരുന്ന 23 രോഗികളിൽ ഏഴുപേർ തീപിടിത്തത്തിനിടയിലും മൂന്നുപേർ രക്ഷാപ്രവർത്തനത്തിനിടെയുമാണ് മരിച്ചത്.
പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നത്. ട്രോമ കെയർ വിഭാഗത്തിലെ ഐസിയുവിൽ നിന്നാണ് തീ ആരംഭിച്ചത്. അഗ്നിശമന സേനയും പോലീസും ജീവനക്കാരും ചേർന്ന് ഐസിയുവിലുണ്ടായിരുന്ന മറ്റ് രോഗികളെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പരിക്കേറ്റ ജീവനക്കാർക്ക് മികച്ച ചികിത്സ നൽകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഫയർ സർവീസ് ഡിജിയോട് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിൽ പ്രതിപക്ഷ നേതാവ് നവീൻ പട്നായിക് അനുശോചനം രേഖപ്പെടുത്തി.
What's Your Reaction?