പെൺകുഞ്ഞിന് ജന്മം നൽകി; ഭാര്യയെ ചുറ്റികയും സ്ക്രൂഡ്രൈവറും കൊണ്ട് ആക്രമിച്ചു
ഭർത്താവിന്‍റെ വീട്ടുകാർ തന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു

ഡെറാഡൂൺ: പെൺകുഞ്ഞിന് ജന്മം നൽകിയതിന്‍റെ പേരിൽ ഭാര്യയെ ചുറ്റികയും സ്ക്രൂഡ്രൈവറും കൊണ്ട് ആക്രമിക്കുകയും ചെയ്ത് ഭർത്താവ്. ഉത്തരാഖണ്ഡിലാണ് ക്രൂര സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭർത്താവിനെതിരെ കേസെടുത്തു.
കഴിഞ്ഞ മാസം നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ അടുത്തിടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 2022 നവംബറിലായിരുന്നു വിവാഹമെന്നും അന്ന് മുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ഉപദ്രവിക്കാൻ ആരംഭിച്ചതാണെന്നും യുവതി പറയുന്നു. പെൺകുട്ടി ജനിച്ചതോടെ കൂടുതൽ ക്രൂര മർദനങ്ങളായി.
വിവാഹമോചനം നേടിയാൽ ജീവനാംശം നൽകാതിരിക്കാൻ ഭർത്താവിന്‍റെ വീട്ടുകാർ തന്നെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. ഒരിക്കൽ ക്രൂരമായി ആക്രമിച്ച് മുറിയിൽ പൂട്ടിയിട്ട തന്നെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയതെന്നും യുവതി പറയുന്നു.
ഒടുവിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ യുവതി ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞിരുന്നു. വീഡിയോ തെളിവുകൾ ഉണ്ടായിരുന്നിട്ടും പൊലീസ് ആദ്യം കർശന നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി കുറ്റപ്പെടുത്തുന്നു. പ്രതി നിലവിൽ റിമാൻഡിലാണെന്നും അന്വേഷണം തുടരുകയാണെന്നും സർക്കിൾ ഓഫീസർ ദീപക് സിങ് പറഞ്ഞു.
What's Your Reaction?






