യു.കെയിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം: മലയാളി യുവാവ് അറസ്റ്റിൽ
ടോണ്ടനിലെ വിക്ടോറിയ പാർക്കിൽ വെച്ച് ഒക്ടോബർ 11 നാണ് ലൈംഗിക അതിക്രമം നടന്നത്

ലണ്ടൻ/ തിരുവനന്തപുരം: യുകെയിലെ സമർസെറ്റ് കൗണ്ടിയിലെ ടോണ്ടനിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 29 കാരനായ മലയാളി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിര എന്ന യുവാവിനെയാണ് അവോൺ ആൻഡ് സമർസെറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ടോണ്ടനിലെ വിക്ടോറിയ പാർക്കിൽ വെച്ച് ഒക്ടോബർ 11 നാണ് ലൈംഗിക അതിക്രമം നടന്നതെന്ന് പോലീസ് അറിയിച്ചു.
ഒക്ടോബർ 11 ന് പുലർച്ചെ സ്ത്രീയെ പാർക്കിനുള്ളിൽ വിഷമാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 12 ന് വൈകുന്നേരം 6.30-ന് പാർക്കിന് സമീപം താമസിച്ചിരുന്ന മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നോർത്ത് സമർസെറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ തുടർ വിചാരണ നവംബർ 14-ന് നടക്കും.
ലണ്ടനിൽ വിദ്യാർഥി വിസയിൽ എത്തിയ മനോജ്, പിന്നീട് ടോണ്ടനിൽ ജോലി തേടി എത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വിവിധ കെയർ ഹോമുകളിൽ കെയർ അസിസ്റ്റൻ്റ് ആയും മറ്റും താത്കാലിക കരാറിൽ ഇയാൾ ജോലി ചെയ്തിരുന്നു. സ്ഥിരമായി ജോലി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇയാൾ ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലാകുന്നത്.
What's Your Reaction?






