സംസ്ഥാന സ്‌കൂൾ കായികമേള 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കായിക മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര നാളെ

തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ ഒരുക്കുന്ന 67 - ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21 വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നടി കീർത്തി സുരേഷാണ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ. മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടന്നുവരുന്നതായും പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
മത്സരങ്ങൾ 12 സ്റ്റേഡിയങ്ങളിൽ ആണ് സംഘടിപ്പിക്കുന്നത്. ഇതിൽ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി വരുന്നു. രണ്ടുദിവസമായി പെയ്യുന്ന മഴ ഇതിന്റെ പ്രവർത്തനങ്ങൾ കുറച്ചു മന്ദഗതിയിലാക്കിയിട്ടുണ്ട്. എന്നാലും കൃത്യസമയത്ത് തന്നെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കും. വടംവലി ഉൾപ്പെടെയുള്ള 12 മത്സരങ്ങളാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിട്ടുള്ളത്. അതിലറ്റിക്സ് മത്സരങ്ങൾ നടക്കുന്നത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ്.
ത്രോ ഇവന്റസ് എല്ലാം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും ആണ് നടക്കുന്നത്. എല്ലാം സ്റ്റേഡിയങ്ങൾ ആയതുകൊണ്ട് തന്നെ അവിടെയെല്ലാം ചെറിയ ചെറിയ മെയിന്റനൻസ് പണികൾ മാത്രമേ ഇനി ബാക്കിയുള്ളൂ. മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ടെക്നിക്കൽ ഒഫീഷ്യൽസിനെയും, സെലക്ടേഴ്സിനെയും വോളണ്ടിയേഴ്സിനെയും നിയോഗിച്ചു. മത്സരങ്ങൾക്കാവശ്യമായ ഉപകരണങ്ങളുടെ പർച്ചേസ് നടപടി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളുടെയും ഒഫീഷ്യൽസിന്റെയും, താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് താമസിക്കുന്നതിനായി എഴുപതോളം സ്‌കൂളുകളും അവർക്ക് സഞ്ചരിക്കുന്നതിനായി ബസ്സുകളും ക്രമീകരിച്ചിട്ടുണ്ട്.
ഭക്ഷണത്തിനായി പുത്തരിക്കണ്ടത്ത് ഉൾപ്പടെ 5 അടുക്കളകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേർക്ക് ഇരുന്ന് കഴിക്കാൻ പാകത്തിന് ഭക്ഷണപ്പന്തൽ ഒരുക്കുന്നുണ്ട്. സമാപന സമ്മേളനവും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 4500 കുട്ടികളുടെ മാർച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിക്കും. ഭിന്നശേഷി കുട്ടികളുടെയും വിദേശത്തുള്ള കുട്ടികളുടെയും ഓൺലൈൻ എൻട്രി പൂർത്തിയായി വരുന്നു. വിദേശത്തുള്ള കുട്ടികളുടെ കോർഡിനേഷന് വേണ്ടി അധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം 67-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര നാളെ (ഒക്ടോബർ 16) രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. കേരളത്തിലെ കായിക പ്രേമികളെയും വിദ്യാർത്ഥികളെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് കപ്പ് പ്രയാണം തുടങ്ങുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയ ശേഷം, ഒക്ടോബർ 21-ന് ഘോഷയാത്ര തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സമാപിക്കും. ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ്, ഒളിമ്പിക്‌സ് മാതൃകയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്കാകും ട്രോഫി ലഭിക്കുക. ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കായികതാരങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, കായിക പ്രേമികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.
What's Your Reaction?






