അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ: 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍; ശക്തമായി തിരിച്ചടിച്ചെന്ന് താലിബാൻ
ഏറ്റുമുട്ടലിൽ 20 താലിബാൻ പോരാളികളെ വധിച്ചതായും പാകിസ്ഥാൻ സൈന്യം അറിയിച്ചു

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ വീണ്ടും സംഘർഷമുണ്ടായിരിക്കുന്നത്.
അഫ്ഗാൻ ഭാഗത്തുനിന്നാണ് പ്രകോപനമുണ്ടായതെന്നും പാക് സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും പാകിസ്ഥാൻ അവകാശപ്പെട്ടു. ഏറ്റുമുട്ടലിൽ 20 താലിബാൻ പോരാളികളെ വധിച്ചതായും പാകിസ്ഥാൻ സൈന്യം അറിയിച്ചു.
പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി താലിബാൻ ആരോപിച്ചു. തങ്ങൾ ശക്തമായി തിരിച്ചടിച്ചുവെന്നും നിരവധി പാക് സൈനികരെ വധിച്ചെന്നും അവരുടെ സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ പ്രതികരിച്ചു. ഏത് പാക് വെല്ലുവിളിയും നേരിടാൻ സൈനികർ അതിർത്തിയിൽ സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ടെന്നും താലിബാൻ വ്യക്തമാക്കി.
നാല് ദിവസം മുമ്പ് നടന്ന ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുമായി നൂറോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇരുട്ടിന്റെ മറവിൽ അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാകിസ്താന് കനത്ത നാശനഷ്ടമുണ്ടായെന്ന് റിപ്പോർട്ടുണ്ട്. ആദ്യ ഏറ്റുമുട്ടലിൽ 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ അവകാശപ്പെട്ടു. എന്നാൽ, 23 സൈനികർ കൊല്ലപ്പെട്ടെന്ന് മാത്രമാണ് പാകിസ്ഥാൻ ഔദ്യോഗികമായി സമ്മതിച്ചത്. തിരിച്ചടിയായി 200 താലിബാൻ സൈനികരെ കൊലപ്പെടുത്തിയെന്നും പാകിസ്ഥാൻ അന്നും അവകാശപ്പെട്ടിരുന്നു.
What's Your Reaction?






