മാസങ്ങളോളം ശമ്പളം മുടങ്ങി; ഐ.എച്ച്.ആർ.ഡി എംപ്ലോയീസ് യൂണിയൻ ദ്വിദിന രാപ്പകൽ നിരാഹാര സമരം ആരംഭിച്ചു
സമരം എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബിജുമോന് ഹാരാർപ്പണം നടത്തി യൂണിയൻ പ്രസിഡന്റും സി.പി.ഐ (എം) സെക്രട്ടറിയേറ്റ് അംഗവുമായ ഡോ. പി.കെ ബിജു ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സുപ്രധാന പങ്കു വഹിക്കുന്ന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയിൽ മാസങ്ങളോളം ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ എംപ്ലോയീസ് യൂണിയൻ ആഹ്വാനം ചെയ്ത ദ്വിദിന രാപ്പകൽ നിരാഹാര സമരം ആരംഭിച്ചു.
തിരുവനന്തപുരം ചാക്കയിലുള്ള ഹെഡ് ഓഫീസിൽ നടക്കുന്ന നിരാഹാര സമരം എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബിജുമോന് ഹാരാർപ്പണം നടത്തി യൂണിയൻ പ്രസിഡന്റും സി.പി.ഐ (എം) സെക്രട്ടറിയേറ്റ് അംഗവുമായ ഡോ. പി.കെ ബിജു ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയുമാണ് ദ്വിദിന രാപ്പകൽ നിരാഹാര സമരം നടക്കുന്നത്.
ജീവനക്കാർക്ക് കൃത്യമായ നിലയിൽ ശമ്പള വിതരണം ഇല്ലായ്മ, അർഹതപ്പെട്ട പ്രമോഷനുകൾ കരിയർ-അഡ്വാൻസ്മെന്റ് പ്രമോഷൻ ലഭിക്കാതിരിക്കുക, പതിനൊന്നാം സംസ്ഥാന ശമ്പള പരിഷ്കരണം നടപ്പിലാക്കാതിരിക്കുക, ഏഴാം എ.ഐ.സി.ടി.ഇ / യു.ജി.സി (AICTE/UGC) ശമ്പള പരിഷ്കരണം നടപ്പിലാക്കാതിരിക്കുക, സംസ്ഥാന ജീവനക്കാർക്ക് അനുവദിച്ച ഡി.എ ലഭിക്കാതിരിക്കുക എന്നീ പ്രശ്നങ്ങൾക്ക് ദ്രുതഗതിയിൽ പരിഹാരം കാണുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
നിരാഹാര സമരത്തിന് ഡി.വൈ.എഫ്.ഐ പേട്ട ലോക്കൽ കമ്മിറ്റി അഭിവാദ്യമർപ്പിച്ചു
എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി. സുനിൽകുമാർ, കെയ്‌പ് യൂണിയൻ നേതാവ് ഡോ. എ ചെമ്പക് കുമാർ, എസ്.സി.ടി സ്റ്റാഫ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. അരുൺ മോഹൻ, എൽ.ബി.എസ് സ്റ്റാഫ് യൂണിയൻ വർക്കിങ് പ്രസിഡന്റ് മുജീബ് റഹ്മാൻ, എ.കെ.ജി.സി.ടി നേതാവ് ഡോ. പ്രിൻസ്, എ.കെ.പി.സി.ടി.എ നേതാവും കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ. പ്രമോദ് നാരായണൻ, ഐ.എച്.ആർ.ഡി എംപ്ലോയീസ് യൂണിയൻ നേതാക്കളായ ബിന്ദു കെ.എസ്, ബേസിൽ ഗോമസ്, മനോജ് എസ് തുടങ്ങിയവർ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
What's Your Reaction?






