ശബരിമല വിധിയിൽ നിലപാട് തിരുത്താൻ സർക്കാർ; ആചാര സംരക്ഷണം വേണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും

നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും സമാനമായ രീതിയിൽ നിലപാട് മാറ്റിയിരുന്നു

Mar 13, 2026 - 15:31
Mar 13, 2026 - 15:31
 0
ശബരിമല വിധിയിൽ നിലപാട് തിരുത്താൻ സർക്കാർ; ആചാര സംരക്ഷണം വേണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിച്ചിരുന്ന മുൻനിലപാട് തിരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ആചാര സംരക്ഷണത്തിന് മുൻഗണന നൽകുന്ന നിലപാടായിരിക്കും ഇനി സർക്കാർ കോടതിയിൽ സ്വീകരിക്കുക.

യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്ന മുൻ നിലപാടിൽ നിന്ന് മലക്കംമറിയുന്ന സർക്കാർ, നാളെ കോടതിയെ പുതിയ സത്യവാങ്മൂലം വഴി നിലപാട് അറിയിച്ചേക്കും. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും സമാനമായ രീതിയിൽ നിലപാട് മാറ്റിയിരുന്നു.

2018-ലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ യുവതീപ്രവേശനത്തെ സർക്കാർ ശക്തമായി അനുകൂലിച്ചിരുന്നു. ഇതിനായി നവോത്ഥാന സമിതി രൂപീകരിക്കുകയും വനിതാമതിൽ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

പുനഃപരിശോധനാ ഹർജികൾ പരിഗണനയിലിരിക്കെയാണ് ഇപ്പോൾ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന വിശ്വാസികളുടെ വാദത്തിനൊപ്പം നിൽക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വിശ്വാസികളുടെ അതൃപ്തി പരിഹരിക്കാനാണ് ഈ നീക്കം. അതിനിടെ, കേസിലെ പ്രധാന ഹർജിക്കാരായ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷൻ യുവതീപ്രവേശനത്തെ അനുകൂലിച്ചുള്ള വാദങ്ങൾ കോടതിയിൽ സമർപ്പിച്ചു:

സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ആർത്തവത്തിന്റെ പേരിൽ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ വാദിക്കുന്നു. ശബരിമലയെ ഒരു പ്രത്യേക വിഭാഗമായി കാണാനാവില്ലെന്നും പൊതുതാൽപര്യ ഹർജിയിലൂടെ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്നും സംഘടന വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow