മീസൽസ്, റൂബെല്ല വാക്‌സിനേഷൻ സമ്പൂർണമാക്കുന്നതിന് പ്രത്യേക കാംപെയിൻ
കുഞ്ഞുങ്ങളെ മീസൽസ്, റൂബെല്ല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ എല്ലാവരും കുഞ്ഞുങ്ങൾക്ക് വാക്സിൻ എടുത്തെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

തിരുവനന്തപുരം: മീസൽസ്, റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ച് വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷൻ സമ്പൂർണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് രണ്ടാഴ്ചത്തെ പ്രത്യേക കാംപെയിൻ ആരംഭിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മേയ് 19 മുതൽ 31 വരെയാണ് കാംപെയിൻ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിലാണ് പ്രത്യേക കാംപെയിൻ നടത്തുക. മറ്റ് എട്ട് ജില്ലകളിൽ വാക്‌സിനേഷൻ കവറേജ് കുറഞ്ഞ പ്രദേശങ്ങളിൽ സ്ഥാപന തലത്തിലുള്ള കാംപെയിനും സംഘടിപ്പിക്കും. കുഞ്ഞുങ്ങളെ മീസൽസ്, റൂബെല്ല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ എല്ലാവരും കുഞ്ഞുങ്ങൾക്ക് വാക്സിൻ എടുത്തെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങളും മീസൽസ്, റൂബെല്ല വാക്സിന്റെ രണ്ട് ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ ക്യാമ്പയിന്റെ ഭാഗമായി മീസൽസ്, റൂബെല്ല വാക്‌സിനേഷൻ ഡോസുകൾ എടുക്കാൻ വിട്ടുപോയ 5 വയസ് വരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ടെത്തി വാക്‌സിനേഷൻ നൽകും. ക്യാമ്പയിൻ നടക്കുന്ന എല്ലാ ജില്ലകളിലേയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രണ്ടാഴ്ച ഇതിനായി വാക്‌സിനേഷൻ സൗകര്യമൊരുക്കും. പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ ലക്ഷ്യമിട്ട് മൊബൈൽ വാക്‌സിനേഷൻ ബൂത്തുകളും സജ്ജമാക്കും. കുഞ്ഞുങ്ങൾക്ക് വാക്സിൻ നിഷേധിക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാൻ തദ്ദേശ സ്ഥാപന തലത്തിൽ സാമൂഹിക പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി സമ്പൂർണ വാക്‌സിനേഷൻ ജാഗ്രതാ സമിതികൾ രൂപീകരിക്കും. മീസൽസ് റൂബെല്ല രോഗങ്ങളുടെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കൊപ്പം വാക്‌സിൻ മൂലം തടയാവുന്ന മറ്റ് 10 രോഗങ്ങളുടെ വാക്‌സിനുകൾ എടുക്കാൻ വിട്ടുപോയവർക്ക് അവകൂടി എടുക്കാൻ അവസരം നൽകും.
What's Your Reaction?






