ഉപ്പിലെ വൈവിധ്യം അറിയാം; ഹിമാലയൻ സാൾട്ടും ടേബിൾ സാൾട്ടും തമ്മിലുള്ള വ്യത്യാസമെന്ത്?
വിപണിയിൽ ലഭിക്കുന്ന വിവിധതരം ഉപ്പുകൾ തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല
നമ്മുടെ അടുക്കളയിലെ അവിഭാജ്യ ഘടകമായ ഉപ്പ് രുചിക്ക് മാത്രമല്ല, ആരോഗ്യത്തിനും ഏറെ പ്രധാനമാണ്. ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സോഡിയം അത്യാവശ്യമാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന വിവിധതരം ഉപ്പുകൾ തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല. ഏതുതരം ഉപ്പാണെങ്കിലും അളവ് കുറച്ച് ഉപയോഗിക്കുക എന്നതാണ് ആരോഗ്യകരമായ രീതി.
വിവിധയിനം ഉപ്പുകളും അവയുടെ സവിശേഷതകളും:
ഹിമാലയൻ സാൾട്ട് (പിങ്ക് സാൾട്ട്): കാഴ്ചയിൽ പിങ്ക് നിറത്തിലുള്ള ഈ ഉപ്പ് മറ്റ് ഉപ്പുകളെ അപേക്ഷിച്ച് കൂടുതൽ ഗുണകരമായി കണക്കാക്കപ്പെടുന്നു. സോഡിയത്തിന് പുറമെ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
സീ സാൾട്ട് (കടലുപ്പ്): കടൽവെള്ളം വറ്റിച്ചെടുത്ത് നിർമ്മിക്കുന്ന ഉപ്പാണിത്. സംസ്കരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്നുണ്ടെങ്കിലും ഇതിൽ സ്വാഭാവിക ധാതുക്കൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഹിമാലയൻ സാൾട്ടിനോളം ഗുണമേന്മ ഇതിനില്ല.
പൊട്ടാസ്യം സാൾട്ട്: സോഡിയത്തിന് പകരം പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായി അടങ്ങിയ ഉപ്പാണിത്. ശരീരത്തിലെ സോഡിയം മൂലമുള്ള ദൂഷ്യഫലങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും. രക്തസമ്മർദ്ദമുള്ളവർക്ക് ഇത് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാം.
ടേബിൾ സാൾട്ട്: വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന വെളുത്ത ഉപ്പാണിത്. കടലുപ്പ് തന്നെയാണെങ്കിലും ഇത് കടുത്ത സംസ്കരണത്തിന് (Processing) വിധേയമാക്കുന്നുണ്ട്. നിലവിൽ 'അയോഡൈസ്ഡ് സാൾട്ട്' എന്ന പേരിൽ അയോഡിൻ ചേർത്താണ് ഇത് വിപണിയിൽ എത്തുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഏതുതരം ഉപ്പാണെങ്കിലും അതിൽ സോഡിയം അടങ്ങിയിട്ടുണ്ട്. സോഡിയം അമിതമാകുന്നത് ഹൃദയാരോഗ്യത്തെയും വൃക്കകളെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഉപ്പിന്റെ ഉപയോഗം എപ്പോഴും മിതപ്പെടുത്തുക.
What's Your Reaction?