ആരോഗ്യവാനാണെന്ന് തോന്നുന്നവർക്കും ഹൃദയാഘാതം സംഭവിക്കുന്നത് എന്തുകൊണ്ട്?
കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ആരോഗ്യവാനായി തോന്നുന്നതോ, ദിവസവും ജിമ്മിൽ പോകുന്നതോ, കൃത്യമായി ഭക്ഷണം കഴിക്കുന്നതോ മാത്രം ഹൃദയാരോഗ്യത്തിന്റെ അളവുകോലല്ല
വ്യായാമം ചെയ്യുന്നവരും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരുമായ ആളുകൾക്ക് ഹൃദയാഘാതം സംഭവിക്കുന്നത് ഇന്ന് ഒരു വലിയ ആശങ്കയായി മാറിയിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ കാരണങ്ങൾ വിശദീകരിച്ച് പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജെറമി ലണ്ടൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പുറമെ ആരോഗ്യവാനായി കാണപ്പെടുന്നത് കൊണ്ട് മാത്രം ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പിക്കാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ആരോഗ്യവാനായി തോന്നുന്നതോ, ദിവസവും ജിമ്മിൽ പോകുന്നതോ, കൃത്യമായി ഭക്ഷണം കഴിക്കുന്നതോ മാത്രം ഹൃദയാരോഗ്യത്തിന്റെ അളവുകോലല്ല. "ആരോഗ്യം എന്നത് വിൻഡോ ഷോപ്പ് ചെയ്യാൻ കഴിയുന്ന ഒന്നല്ല" എന്ന് ഡോ. ജെറമി പറയുന്നു. അതായത്, പുറമെ കാണുന്ന കായികക്ഷമത ഉള്ളിലെ അവയവങ്ങളുടെ അവസ്ഥയുമായി എപ്പോഴും പൊരുത്തപ്പെടണം എന്നില്ല.
ആരോഗ്യമുള്ള ഒരാളിലും ഹൃദയാഘാത സാധ്യത പ്രവചിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് അപ്പോളിപോപ്രോട്ടീൻ ബി (ApoB) ആണ്. രക്തക്കുഴലുകളിൽ പ്ലാക്ക് (അഴുക്ക്) അടിഞ്ഞുകൂടാൻ കാരണമാകുന്ന മോശം ലിപ്പോപ്രോട്ടീൻ കണികകളിലെ (LDL, VLDL, IDL) പ്രധാന ഘടകമാണ് ഈ പ്രോട്ടീൻ.
സാധാരണ കൊളസ്ട്രോൾ പരിശോധനകളിൽ മാത്രം ഒതുങ്ങാതെ, ApoB നില ട്രാക്ക് ചെയ്യുന്നത് വഴി ഹൃദയാഘാത സാധ്യത മുൻകൂട്ടി അറിയാൻ സാധിക്കും. മറ്റൊരു പ്രധാന കാരണമായി അദ്ദേഹം പറയുന്നത് ജനിതക ഘടകങ്ങളെയാണ്. എത്ര ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്നാലും കുടുംബപരമായ ഹൃദ്രോഗ ചരിത്രത്തെയും ജീനുകളുടെ സ്വഭാവത്തെയും അവഗണിക്കാൻ കഴിയില്ല. ജീനുകളുടെ സ്വാധീനത്തിനൊപ്പം മെറ്റബോളിക് ആരോഗ്യവും കൃത്യമായി പരിശോധിക്കപ്പെടണം.
ഹൃദയസംബന്ധമായ അസുഖം ബാധിച്ചു മരിക്കുന്ന അഞ്ചിൽ നാലുപേരും ഹൃദയാഘാതമോ പക്ഷാഘാതമോ മൂലമാണ് മരിക്കുന്നത്. ഇതിൽ മൂന്നിലൊന്ന് മരണങ്ങളും 70 വയസ്സിൽ താഴെയുള്ളവരിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ, പുറമെ നിങ്ങൾ എത്ര ആരോഗ്യവാനാണെന്ന് തോന്നിയാലും ഹൃദയത്തിന്റെ ആന്തരിക ആരോഗ്യം കൃത്യമായ പരിശോധനകളിലൂടെ ട്രാക്ക് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
What's Your Reaction?



