പ്രസവശേഷം ശരീരഭാരം കുറയ്ക്കാൻ ആലിയ ഭട്ട് ചെയ്തത്; ആരോഗ്യകരമായ വഴികൾ ഇവയാണ്
ദീർഘകാലം കുഞ്ഞിന് മുലപ്പാൽ നൽകിയിരുന്നതിനാൽ കർശനമായ ഡയറ്റ് പിന്തുടർന്നിരുന്നില്ല
പ്രസവശേഷം ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് നടി ആലിയ ഭട്ട്. 2022 നവംബറിലാണ് ആലിയയ്ക്കും രൺബീർ കപൂറിനും പെൺകുഞ്ഞ് (രാഹ) ജനിക്കുന്നത്. കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ തന്റെ സിനിമയായ 'റോക്കി ഔർ റാണി കി പ്രേം കഹാനി'ക്ക് വേണ്ടി ശരീരഭാരം കുറയ്‌ക്കേണ്ടി വന്നതിനെക്കുറിച്ചും താരം വെളിപ്പെടുത്തി.
ദീർഘകാലം കുഞ്ഞിന് മുലപ്പാൽ നൽകിയിരുന്നതിനാൽ കർശനമായ ഡയറ്റ് പിന്തുടർന്നിരുന്നില്ല. മുലയൂട്ടൽ വഴി പകുതി ശരീരഭാരം കുറഞ്ഞതായി ആലിയ പറയുന്നു. ഗർഭകാലത്തും സ്ട്രെങ്ത് ട്രെയിനിങ് ചെയ്തിരുന്നു. പ്രസവശേഷം മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം യോഗയും സ്ട്രെങ്ത് ട്രെയിനിങ്ങും പുനരാരംഭിച്ചു.
ശരീരത്തിന് ആവശ്യമായ പോഷകഗുണമുള്ള ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കി.
പ്രസവശേഷം തടി കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പ്രസവശേഷം വയറു ചാടുന്നതും അമിതഭാരവും പല സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. ഇത് പരിഹരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:
മുലയൂട്ടുന്നത് വഴി ദിവസവും 300 മുതൽ 500 കലോറി വരെ ശരീരത്തിൽ നിന്ന് നഷ്ടമാകും. ഇത് ഭാരം കുറയ്ക്കാൻ സഹായിക്കും. തടി കൂടുമെന്ന പേടിയിൽ മുലയൂട്ടുന്ന സമയത്ത് ഭക്ഷണം നിയന്ത്രിക്കരുത്.
ബീൻസ്, വെണ്ടയ്ക്ക, കോളിഫ്ളവർ, ബ്രക്കോളി തുടങ്ങിയ പച്ചക്കറികളും ആപ്പിൾ, മാതളം, പേരയ്ക്ക തുടങ്ങിയ പഴങ്ങളും ധാരാളമായി കഴിക്കുക. പഴങ്ങൾ ജ്യൂസ് ആക്കാതെ നേരിട്ട് കഴിക്കുന്നതാണ് നാരുകൾ ലഭിക്കാൻ നല്ലത്.
ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ആരോഗ്യത്തിനും നല്ലതാണ്.
ഒഴിവാക്കേണ്ടവ:
പോഷകങ്ങളില്ലാത്തതും കലോറി കൂടിയതുമായ ജങ്ക് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, ശീതള പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കർശനമായും ഒഴിവാക്കുക.
കുഞ്ഞിനും അമ്മയ്ക്കും ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് വേണം ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്താൻ. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വ്യായാമങ്ങൾ തിരഞ്ഞെടുക്കുക.
What's Your Reaction?