തലസ്ഥാനത്ത് കാഴ്ചശക്തിയില്ലാത്ത 17കാരിക്ക് അഭയകേന്ദ്രത്തിൽ ക്രൂരപീഡനം! ഭിന്നശേഷിക്കാരിയെ സ്റ്റെപ്പിലൂടെ വലിച്ചിഴച്ച് കന്യാസ്ത്രീകൾ
കുട്ടിയുടെ കരണത്ത് അടിച്ചതിനു ശേഷം മുടിക്ക് കുത്തിപ്പിടിച്ച് പടികളിലൂടെ വലിച്ചു താഴെ ഇട്ടതായും, കൈകാലുകൾ ബന്ധിച്ച് കട്ടിലിൽ കമിഴ്ത്തി ഇട്ടതായിട്ടും കുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞു
തിരുവനന്തപുരം: കാഴ്ചശക്തിയില്ലാത്ത 17 കാരിയെ അതിക്രൂരമായ പീഡനത്തിനിരയാക്കി അഭയകേന്ദ്രത്തിലെ അധികൃതർ. ആലപ്പുഴ സ്വദേശിനിയായ 17കാരിയെയാണ് തിരുവനന്തപുരത്തുള്ള അഭയകേന്ദ്രത്തിലെ നടത്തിപ്പുകാരായ കന്യാസ്ത്രീകൾ അതിക്രൂര പീഡനത്തിനിരയാക്കിയത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ വില്ലേജിൽ കള്ളിക്കാട് കൂട്ടത്തിൽ ചിറയിൽ സ്വദേശിനിയുടെ മകളാണ് ഭിന്നശേഷിക്കാരെ താമസിപ്പിക്കുന്ന സ്ഥലത്തുനിന്ന് അതിക്രൂര പീഡനത്തിനിരയായത്.
മത്സ്യത്തൊഴിലാളിയായ പിതാവിൻറെ മരണശേഷം ജീവിതം വഴിമുട്ടിയതിനെത്തുടർന്നാണ് പെൺകുട്ടിയെ അമ്മ തിരുവനന്തപുരത്തുള്ള അഭയകേന്ദ്രത്തിലെത്തിച്ചത്. മുന്നോട്ടുള്ള പഠനത്തിന് സഹായകരമാകുമെന്ന് കരുതിയാണ് കുട്ടിയെ കുമാരപുരത്തുള്ള ബെഥാനിയ റീഹാബിലിറ്റേഷൻ സെന്ററിൽ മാതാവ് എത്തിച്ചത്.
കുട്ടിയ്ക്ക് 75 ശതമാനം കാഴ്ചശക്തി ഇല്ല. എന്നാൽ ഇക്കാര്യംപോലും പരിഗണിക്കാതെ കുട്ടിയെ അധികൃതർ ശാരീരിക പീഡനത്തിന് ഇരയാക്കിയതായി മാതാവ് ചൈൽഡ് ലൈനിന് കൈമാറിയ പരാതിയിൽ പറയുന്നു. അമ്മയെ ഫോണിൽ വിളിച്ചു തരാമോ എന്ന് അന്വേഷിച്ചതിന്, കുട്ടിയുടെ കരണത്ത് അടിച്ചതിനു ശേഷം മുടിക്ക് കുത്തിപ്പിടിച്ച് പടികളിലൂടെ വലിച്ചു താഴെ ഇട്ടതായും, കൈകാലുകൾ ബന്ധിച്ച് കട്ടിലിൽ കമിഴ്ത്തി ഇട്ടതായിട്ടും കുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞു.
സംഭവമറിഞ്ഞതിനു പിന്നാലെ മാതാവ് മെഡിക്കൽകോളജ് പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. കുട്ടിയെ അഭയകേന്ദ്രത്തിലെ അധികൃതർ ഉപദ്രവിക്കുന്നതിൻറെ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. നാട്ടിൽ എത്തിച്ച കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ശരീരത്ത് മർദ്ദനമേറ്റതിൻറെ പാടുകളുണ്ടെന്നും കുട്ടി അതിക്രൂരമായ പീഡനത്തിനിരയായതായും ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഹൃദയരോഗത്തിനുൾപ്പെടെ ചികിത്സ തേടുന്നതായി അറിയിച്ചിട്ടുതന്നെയാണ് കുട്ടിയെ അഭയകേന്ദ്രത്തിൽ എത്തിച്ചിരുന്നതെന്നും, എന്നിട്ടുപോലും ഇത്തരത്തിൽ നിഷ്കരുണം പെരുമാറിയെങ്കിൽ മറ്റുള്ള അന്തേവാസികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകൻ ചന്ദ്രദാസ് കേശവപിള്ള മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി, അഭയകേന്ദ്രം നടത്തുന്ന അധികൃതർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് കുട്ടിയുടെ മാതാവിന്റെ ആവശ്യം.
What's Your Reaction?



