ഡോ. റീനയ്ക്ക് തിരിച്ചടി; ഡിഎച്ച്എസ് സ്ഥാനത്തുനിന്നുള്ള മാറ്റം ഹൈക്കോടതി ശരിവെച്ചു

Jun 23, 2026 - 18:30
Jun 23, 2026 - 18:30
 0
ഡോ. റീനയ്ക്ക് തിരിച്ചടി; ഡിഎച്ച്എസ് സ്ഥാനത്തുനിന്നുള്ള മാറ്റം ഹൈക്കോടതി ശരിവെച്ചു

കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ നടപടി സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ ഹർജി അനുവദിച്ചത്.

ഡോ. വി. മീനാക്ഷി ജൂൺ 13-ന് തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല ഏറ്റെടുത്ത സാഹചര്യത്തിൽ, ജൂൺ 18-ന് ട്രൈബ്യൂണൽ നൽകിയ ഇടക്കാല സ്റ്റേ ഗുരുതരമായ പിഴവാണെന്ന് കോടതി നിരീക്ഷിച്ചു. ട്രൈബ്യൂണലിന്റെ ഉത്തരവ് വഴി ഡോ. മീനാക്ഷിയെ ഫലത്തിൽ മാറ്റിനിർത്തുന്ന സാഹചര്യം ഉണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.

ഫലത്തിൽ, ട്രൈബ്യൂണൽ ഡോ. റീനയുടെ ഹർജിയിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ അവരുടെ സ്ഥലംമാറ്റ ഉത്തരവ് തുടരും. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഹർജി വേഗത്തിൽ പരിഗണിച്ച് തീർപ്പാക്കാനും ഹൈക്കോടതി നിർദേശിച്ചു.

ഡോ. റീനയെ ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് മാറ്റി എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ചുമതലയിലേക്ക് നിയമിച്ച സർക്കാർ നടപടി നേരത്തെ വിവാദമായിരുന്നു. പകർച്ചവ്യാധി വ്യാപിക്കുന്ന സമയത്ത് ഡയറക്ടർ 15 ദിവസത്തെ അവധി ആവശ്യപ്പെട്ടുവെന്ന കാരണമാണ് ആദ്യം സർക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ താൻ രണ്ടര ദിവസത്തെ അവധി മാത്രമാണ് ആവശ്യപ്പെട്ടതെന്നും സർക്കാരിന്റെ വാദം തെറ്റാണെന്നും ഡോ. റീന വ്യക്തമാക്കിയതോടെ സർക്കാർ വിശദീകരണം തിരുത്തി, ഇത് ഭരണപരമായ സാധാരണ സ്ഥലംമാറ്റമാണെന്ന് അറിയിച്ചു.

തുടർന്ന് നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഡോ. റീന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണൽ സ്ഥലംമാറ്റം താൽക്കാലികമായി സ്റ്റേ ചെയ്തെങ്കിലും, അതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ ഉദ്യോഗസ്ഥയെ മാറ്റി നിയമിക്കാൻ സർക്കാരിന് പൂർണ അധികാരമുണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം.

What's Your Reaction?

like

dislike

love

funny

angry

sad

wow