സ്‌കൂള്‍ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ രണ്ടിന് കലവൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

പ്രവേശനോത്സവം ജില്ലയുടെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി. സംഘാടകസമിതി ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

May 29, 2025 - 23:34
 0  8
സ്‌കൂള്‍ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ രണ്ടിന് കലവൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

ആലപ്പുഴ: ഈ അധ്യയനവര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ രണ്ടിന് രാവിലെ 9.30 ന് കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, മത്സ്യബന്ധന, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
 
എം.പി മാരായ കെ. സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച് സലാം, ദലീമ, എം.എസ് അരുണ്‍കുമാര്‍, തോമസ് കെ തോമസ്, അഡ്വ. യു പ്രതിഭ, രമേശ് ചെന്നിത്തല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്എന്‍.എസ്. ശിവപ്രസാദ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്‍ റിയാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത, റ്റി.വി. അജിത് കുമാര്‍, മണ്ണഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.എസ്. സന്തോഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം തിലകമ്മ വാസുദേവ്, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 


സ്‌കൂള്‍ പ്രവേശനോത്സവത്തിനൊരുങ്ങി ആലപ്പുഴ

സംസ്ഥാനതല പ്രവേശനോത്സവത്തിന് ഒരുങ്ങി കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. പ്രവേശനോത്സവം ജില്ലയുടെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി. സംഘാടകസമിതി ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

ജനപ്രതിനിധികള്‍, അധ്യാപകര്‍, പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് വിവിധ സംഘങ്ങളായി ഭവനസന്ദര്‍ശനം നടത്തി കലവൂര്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ക്ഷണിച്ച് വരികയാണ്. സംഘാടക സമിതിയുടേയും ജില്ലാപഞ്ചായത്ത് ആര്‍ട്ട് അക്കാദമിയുടേയും നേതൃത്വത്തില്‍ കലവൂരില്‍ സ്ട്രീറ്റ് ആര്‍ട്ട് എന്ന പരിപാടി സംഘടിപ്പിച്ച് സ്‌കൂള്‍ മതിലുകളും പരിസരവും സ്ട്രീറ്റ് ആര്‍ട്ടിലൂടെ മനോഹരമാക്കിയിട്ടുണ്ട്.

പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂവായിരം പേര്‍ക്ക് സദ്യയൊരുക്കുന്നതിന് കലവൂരിലെ പൊതുജനങ്ങളില്‍ നിന്നും കടകളില്‍ നിന്നും വിഭവസമാഹരണം നടത്തിവരികയാണ്. വിഭവങ്ങള്‍ ശേഖരിക്കാന്‍ കലവൂര്‍ സ്‌കൂളില്‍ കലവറ തയ്യാറായിട്ടുണ്ട്. സ്റ്റേജ്, പന്തല്‍ പണികള്‍ പൂര്‍ത്തിയായി വരുന്നു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി മെയ് 31 ന് അയ്യായിരം പേര്‍ പങ്കെടുക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്യും. എല്ലാ സ്‌കൂളുകളിലും പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, റീലുകള്‍ എന്നിവ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. രണ്ട് ബോര്‍ഡുകള്‍ ഓരോ സ്‌കൂളിലും വെക്കുന്നതിന് നിര്‍ദേശം നല്‍കുകയും മിക്ക സ്‌കൂളുകളിലും പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

പ്രവേശനോത്സവ ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ഥിനിയുടെ കവിതയാണ് പ്രവേശനോത്സവ ഗാനമായി തെരഞ്ഞെടുത്തിട്ടുള്ളത്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് ഈ അധ്യയനവര്‍ഷത്തെ പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തത്. സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഭദ്ര ഹരി പ്രവേശനോത്സവത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow