ചാറ്റുകള്‍ ആരെങ്കിലും വായിക്കുമോ എന്ന ആശങ്ക? ആ പുതിയ മാറ്റം ഇന്‍സ്റ്റഗ്രാമില്‍ ഉടന്‍

Mar 15, 2026 - 14:16
Mar 15, 2026 - 14:16
 0
ചാറ്റുകള്‍ ആരെങ്കിലും വായിക്കുമോ എന്ന ആശങ്ക? ആ പുതിയ മാറ്റം ഇന്‍സ്റ്റഗ്രാമില്‍ ഉടന്‍

ലോകത്തെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നായ ഇൻസ്റ്റഗ്രാമിൽ വലിയൊരു മാറ്റം വരുന്നു. കമ്പനി പുറത്തിറക്കിയ പുതിയ അറിയിപ്പനുസരിച്ച്, 2026 മെയ് മാസം എട്ട് മുതൽ പ്ലാറ്റ്ഫോമിൽ നിലവിലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2EE) മെസേജിംഗ് സൗകര്യം അവസാനിപ്പിക്കുമെന്ന് മെറ്റ പ്ലാറ്റ്ഫോംസ് സ്ഥിരീകരിച്ചു. ഈ മാറ്റം നടപ്പിലായാൽ ഇൻസ്റ്റഗ്രാം വഴി അയക്കുന്ന സന്ദേശങ്ങൾ ഇനി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കപ്പെടുകയില്ല.

ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ഉറപ്പാക്കുന്നതിനായി 2023 ഡിസംബറിലാണ് എൻക്രിപ്റ്റഡ് മെസേജിംഗ് സംവിധാനം ഇൻസ്റ്റഗ്രാം അവതരിപ്പിച്ചത്. എന്നാൽ പുതിയ തീരുമാനത്തോടെ, ഉപയോക്താക്കൾ തമ്മിൽ അയക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം കമ്പനിക്ക് പരിശോധിക്കാൻ കഴിയും എന്ന് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നു.

ഈ മാറ്റം ബാധിക്കുന്ന ചാറ്റുകൾ ഉള്ള ഉപയോക്താക്കൾക്ക് അവരുടെ മെസേജുകളും മീഡിയ ഫയലുകളും ഡൗൺലോഡ് ചെയ്യാനുള്ള അവസരം നൽകുമെന്ന് ഈ മാറ്റത്തെക്കുറിച്ച് വിശദീകരിച്ച ബ്ലോഗ് പോസ്റ്റിൽ മെറ്റ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനായി ഇൻസ്റ്റഗ്രാം ആപ്പിൽ പ്രത്യേക നിർദ്ദേശങ്ങൾ ലഭ്യമാകും. കൂടാതെ, പഴയ പതിപ്പിലുള്ള ആപ്പ് ഉപയോഗിക്കുന്നവർക്ക് ആദ്യം ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടി വരാമെന്നും കമ്പനി അറിയിച്ചു.

ഇൻസ്റ്റഗ്രാമിൽ നിന്ന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നീക്കം ചെയ്യുന്നതോടെ, മെറ്റയുടെ മറ്റ് മെസേജിംഗ് സേവനങ്ങളിലും ഇതുപോലുള്ള മാറ്റങ്ങൾ വരുമോ എന്ന ആശങ്കയുണ്ട്. പ്രത്യേകിച്ച്, ഫേസ്‍ബുക്ക് മെസെഞ്ചർ പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇതിന്‍റെ ഭാവി എന്താകും എന്നതാണ് ടെക് ലോകം ശ്രദ്ധിക്കുന്ന പ്രധാന വിഷയം. ഇതിനിടെ, ഇന്‍റർനെറ്റിൽ കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കണ്ടന്‍റുകൾ (CSAM) വ്യാപകമാകുന്നുവെന്ന ആശങ്കകൾ ശക്തമായി ഉയർന്നിട്ടുണ്ട്. എൻക്രിപ്ഷൻ നീക്കം ചെയ്യുന്നതിലൂടെ ഇൻസ്റ്റഗ്രാമിലെ ഡയറക്ട് മെസേജുകളും കോളുകളും സ്‍കാൻ ചെയ്ത് ഇത്തരത്തിലുള്ള ഹാനികരമായ കണ്ടന്‍റുകൾ കണ്ടെത്താൻ കമ്പനിക്ക് കൂടുതൽ സൗകര്യം ലഭിക്കും എന്നതാണ് വിലയിരുത്തൽ.

യുഎസ്എ, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സർക്കാരുകളും കൂടാതെ യൂറോപ്യൻ യൂണിയൻ നയരൂപീകരണ വിഭാഗങ്ങളും സ്വകാര്യ സന്ദേശ സേവനങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനും ടെക് കമ്പനികളോട് കൂടുതൽ ഉത്തരവാദിത്തം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഓൺലൈൻ സേഫ്റ്റി ആക്റ്റ് 2023 പോലുള്ള നിയമങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ഇൻസ്റ്റഗ്രാമിൽ എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നതിന് പിന്നിലെ യഥാർഥ കാരണം മെറ്റ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഇതോടെ ഉപയോക്തൃ സ്വകാര്യതയും സുരക്ഷയും തമ്മിലുള്ള തുലനം എങ്ങനെ നിലനിർത്തും എന്ന ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow