കുൽദീപ് യാദവ് വിവാഹിതനായി; വധു ബാല്യകാല സുഹൃത്ത് വൻഷിക ഛദ്ദ; ആശംസകളുമായി ക്രിക്കറ്റ് ലോകം
കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്
മസൂറി: ഇന്ത്യൻ സ്പിൻ മാന്ത്രികൻ കുൽദീപ് യാദവ് വിവാഹിതനായി. ബാല്യകാല സുഹൃത്തായ വൻഷിക ഛദ്ദയാണ് വധു. മസൂറിയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും പങ്കെടുത്തു.
ക്രിക്കറ്റ് മൈതാനത്തെ കുൽദീപിന്റെ ഉറ്റ സുഹൃത്തുക്കളായ യുസ്‌വേന്ദ്ര ചാഹൽ, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം വിവാഹത്തിന് മാറ്റുകൂട്ടി. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
സുരേഷ് റെയ്‌ന, യുസ്‌വേന്ദ്ര ചാഹൽ, തിലക് വർമ, റിങ്കു സിങ്ങ് തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. ചാഹലും റെയ്‌നയും വിവാഹ-സംഗീത ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കാൺപുർ സ്വദേശികളായ കുൽദീപും വൻഷികയും തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമാണുള്ളത്. അണ്ടർ-19 ക്രിക്കറ്റ് കാലം മുതൽ കുൽദീപിന്റെ കരിയറിന് മികച്ച പിന്തുണയുമായി വൻഷിക കൂടെയുണ്ട്. നേരത്തെ നവംബറിൽ നിശ്ചയിച്ചിരുന്ന വിവാഹം ട്വന്റി-20 ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മാറ്റിവെക്കുകയായിരുന്നു. മെൽബണിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കിയ വൻഷിക നിലവിൽ എൽഐസിയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്.
What's Your Reaction?