അവസാനനിമിഷം വരെ ഒട്ടും ചോരാത്ത ആവേശം, ചുക്കാന്‍ പിടിച്ച് സിറാജ്, ഇന്ത്യയ്ക്ക് മിന്നും ജയം

അഞ്ചുവിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്

Aug 4, 2025 - 18:39
Aug 4, 2025 - 18:39
 0  10
അവസാനനിമിഷം വരെ ഒട്ടും ചോരാത്ത ആവേശം, ചുക്കാന്‍ പിടിച്ച് സിറാജ്, ഇന്ത്യയ്ക്ക് മിന്നും ജയം

ലണ്ടന്‍: അവസാനനിമിഷം വരെ ഒട്ടും ചോര്‍ന്ന് പോകാത്ത ആവേശം, കൈവിട്ടെന്ന് കരുതി ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ആറു റണ്‍സിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. കളിയുടെ അവസാന ദിവസം നാലുവിക്കറ്റ് ബാക്കിനില്‍ക്കെ 35 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അഞ്ചുവിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 

അറ്റ്കിന്‍സണിനെ പുറത്താക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഇരുടീമുകളും രണ്ടുവീതം മത്സരം ജയിച്ചതോടെ പരമ്പര സമനിലയിലായി. അടുത്ത കാലത്തൊന്നും ടെസ്റ്റ് ക്രിക്കറ്റിൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടാകില്ല. ട്വന്റി20യിലും മികച്ച ത്രില്ലിങ് പോരാട്ടം കണ്ട ഓവലിൽ വിജയക്കുതിപ്പുമായി യങ് ഇന്ത്യ.

പരിക്കേറ്റ വോക്‌സ് ബാറ്റിങ്ങിന് ഇറങ്ങുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍,നിര്‍ണായക സമയത്ത് കൈയില്‍ പ്ലാസ്റ്റര്‍ കെട്ടിവെച്ച് വോക്‌സ് കളിക്കളത്തില്‍ ഇറങ്ങിയത് കാണികളെ ആവേശത്തിലാഴ്ത്തി. എന്നാല്‍, ഒരു പന്ത് പോലും വോക്‌സിന് നേരിടേണ്ടി വന്നില്ല. അതിന് മുന്‍പ്,അറ്റ്കിന്‍സണിനെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ഇന്ത്യയ്ക്ക് വിജയം ഒരുക്കുകയായിരുന്നു.

374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാംദിവസം ആറുവിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സുമായാണ് കളിക്കളം വിട്ടത്. സെഞ്ച്വറി നേടിയ ജോ റൂട്ടും (152 പന്തില്‍ 105), 98 പന്തുകള്‍ നേരിട്ട് 111 റണ്‍സെടുത്ത ഹാരി ബ്രൂക്കും അര്‍ധ സെഞ്ചറി നേടിയ ബെന്‍ ഡക്കറ്റുമാണ്(83 പന്തില്‍ 54) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം തുടങ്ങിയത്. ബെന്‍ ഡക്കറ്റ് അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ പുറത്തായി. താരം 54 റണ്‍സെടുത്തു. സ്‌കോര്‍ 82 ല്‍ എത്തിയപ്പോഴാണ് ഡക്കറ്റിനെ ഇംഗ്ലണ്ടിനു നഷ്ടമായത്. താരത്തെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. സ്‌കോര്‍ 106ല്‍ എത്തിയതിനു പിന്നാലെ മുഹമ്മദ് സിറാജ് ക്യാപ്റ്റന്‍ ഒലി പോപ്പിനെ ഔട്ടാക്കി ഇംഗ്ലണ്ടിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. താരം 27 റണ്‍സുമായി മടങ്ങി. പിന്നാലെ ഹാരി ബ്രൂക്ക്, ജേക്കബ് ബെതെല്‍ (5),ജോ റൂട്ട് എന്നിവര്‍ പുറത്തായതോടെ ഇംഗ്ലണ്ട് സമ്മര്‍ദത്തിലായി. പിന്നീട്, വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.

ഇന്ത്യ 374 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍, മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സെടുത്ത് ഓള്‍ഔട്ടായിരുന്നു. സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 164 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ രണ്ടു സിക്‌സുകളും 14 ഫോറുകളും ഉള്‍പ്പടെ 118 റണ്‍സെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ (46 പന്തില്‍ 53), ആകാശ്ദീപ് (94 പന്തില്‍ 66), രവീന്ദ്ര ജഡേജ (77 പന്തില്‍ 53) എന്നിവര്‍ അര്‍ധ സെഞ്ചറികള്‍ നേടി. ധ്രുവ് ജുറേല്‍ (46 പന്തില്‍ 34), കരുണ്‍ നായര്‍ (32 പന്തില്‍ 11) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow