ബദരീനാഥിലും കേദാർനാഥിലും അഹിന്ദുക്കൾക്ക് വിലക്ക്; നിർണായക തീരുമാനവുമായി ക്ഷേത്ര കമ്മിറ്റി
ഹിന്ദു മതവിശ്വാസികൾക്ക് മാത്രമായിരിക്കും ഇനി മുതൽ ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടാകുക
ഉത്തരാഖണ്ഡ്: ചാർ ധാം തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കാൻ ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി തീരുമാനിച്ചു. തിങ്കളാഴ്ചയാണ് കമ്മിറ്റി ഇത് സംബന്ധിച്ച പ്രാഥമിക അറിയിപ്പ് നൽകിയത്.
ഹിന്ദു മതവിശ്വാസികൾക്ക് മാത്രമായിരിക്കും ഇനി മുതൽ ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടാകുക. ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും ഈ വിലക്ക് ബാധകമായിരിക്കും. വരാനിരിക്കുന്ന അടുത്ത ബോർഡ് യോഗത്തിൽ ഈ തീരുമാനത്തിന്മേൽ ഔദ്യോഗികമായ അന്തിമ മുദ്ര പതിപ്പിക്കുമെന്ന് കമ്മിറ്റി പ്രസിഡന്റ് ഹേമന്ദ് ദ്വിവേദി സ്ഥിരീകരിച്ചു.
ഈ വർഷത്തെ തീർത്ഥാടന സീസൺ ആരംഭിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം വരുന്നത്. ഗംഗോത്രി, യമുനോത്രി: ഏപ്രിൽ 19-ന് നട തുറക്കും.ബദരീനാഥ് ഏപ്രിൽ 23-നാണ് ഈ വർഷം ഭക്തർക്കായി തുറന്നുകൊടുക്കുന്നത്. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ചാർ ധാം യാത്ര ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടനങ്ങളിൽ ഒന്നാണ്. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലാണ് ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
What's Your Reaction?