സഞ്ജുവിനെ തഴയരുത്; ലോകകപ്പിൽ അവസരം ഉറപ്പുനൽകണം ! സൂര്യയോടും ഗംഭീറിനോടും രഹാനെ
മറുവശത്ത് അഭിഷേക് ശർമ്മയെപ്പോലുള്ള യുവതാരങ്ങൾ മികച്ച ഫോമിൽ കളിക്കുന്നത് സഞ്ജുവിന് മേൽ സമ്മർദ്ദം വർധിപ്പിക്കുന്നുണ്ട്
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസൺ നേരിടുന്ന മോശം ഫോമിന്റെ പശ്ചാത്തലത്തിൽ, താരത്തിന് പൂർണ്ണ പിന്തുണ നൽകണമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോടും കോച്ച് ഗൗതം ഗംഭീറിനോടും അജിൻക്യ രഹാനെ ആവശ്യപ്പെട്ടു. സഞ്ജുവിന്റെ ആത്മവിശ്വാസം തകരാതെ കാക്കേണ്ടത് ടീം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
"നീ എല്ലാ മത്സരങ്ങളിലും കളിക്കും, വരാനിരിക്കുന്ന 2026 ടി20 ലോകകപ്പിലും ടീമിലുണ്ടാകും" എന്ന് മാനേജ്‌മെന്റ് സഞ്ജുവിന് ഉറപ്പുനൽകണം. എങ്കിൽ മാത്രമേ തന്റെ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകളില്ലാതെ സഞ്ജുവിന് സ്വാഭാവികമായി കളിക്കാൻ സാധിക്കൂ എന്ന് രഹാനെ പറഞ്ഞു.
മറുവശത്ത് അഭിഷേക് ശർമ്മയെപ്പോലുള്ള യുവതാരങ്ങൾ മികച്ച ഫോമിൽ കളിക്കുന്നത് സഞ്ജുവിന് മേൽ സമ്മർദ്ദം വർധിപ്പിക്കുന്നുണ്ട്. എന്നാൽ സ്വന്തം ഗെയിം പ്ലാനിൽ വിശ്വസിക്കുകയാണ് സഞ്ജു ഇപ്പോൾ ചെയ്യേണ്ടത്.
കഴിഞ്ഞ ആറുമാസമായി സഞ്ജുവിന്റെ കരിയർ വലിയ ഉയർച്ചതാഴ്ചകളിലൂടെയാണ് പോകുന്നത്. ഓപ്പണറായി തിളങ്ങിനിന്ന സഞ്ജുവിനെ ഗില്ലിന് വേണ്ടി മിഡിൽ ഓർഡറിലേക്ക് മാറ്റുകയും പിന്നീട് ടീമിന് പുറത്തിരുത്തുകയും ചെയ്തത് താരത്തിന്റെ താളം തെറ്റിച്ചതായി രഹാനെ ചൂണ്ടിക്കാട്ടി.
ശുഭ്മാൻ ഗില്ലിന്റെ പരാജയത്തെത്തുടർന്ന് സഞ്ജു വീണ്ടും ഓപ്പണർ സ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും ന്യൂസിലൻഡിനെതിരായ മത്സരങ്ങളിൽ ഇതുവരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ സഞ്ജുവിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.
What's Your Reaction?