ഒടുവില്‍ വിജയമ്മയ്ക്കും മകനും 'നീതി', ബഡ്സ് സ്കൂള്‍ ഡ്രൈവറുടെ ക്രൂരതയില്‍ പരിഹാരം
കഴിഞ്ഞ ഒന്നര മാസമായി പോത്തൻകോട് കോയിത്തൂർക്കോണം നിവാസികളായ വിജയമ്മയും മകൻ രഞ്ജിത്ത് ലാലും നേരിട്ട ദുരിതത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്

തിരുവനന്തപുരം: പോത്തൻകോട് പഞ്ചായത്തിന് കീഴിലുള്ള ബഡ്‌സ് സ്കൂളിലെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ ബുദ്ധിമുട്ടിലായ മാതാവിന്, വോയ്സ് ഓഫ് ഇന്ത്യയുടെ ഇടപെടലില്‍ ഒടുവില്‍ നീതി. മകനെ ബഡ്സ് സ്കൂളില്‍ അയക്കാന്‍ ബുദ്ധിമുട്ടിലായ ഇവരുടെ പ്രശ്നം പരിഹരിച്ചതായും ഇന്ന് മുതല്‍ വണ്ടി പോകുമെന്നും സാമൂഹിക നീതി ഡയറക്ടറേറ്റ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഷൈനിമോള്‍ എം. വോയ്സ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കഴിഞ്ഞ ഒന്നര മാസമായി പോത്തൻകോട് കോയിത്തൂർക്കോണം നിവാസികളായ വിജയമ്മയും മകൻ രഞ്ജിത്ത് ലാലും നേരിട്ട ദുരിതത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
ഈ കുടുംബത്തിലെ മൂന്ന് പേരും ഭിന്നശേഷിക്കാരാണ്. പോത്തൻകോട് പഞ്ചായത്തിന് കീഴിൽ ഈ ബഡ്‌സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചതുമുതൽ മകൻ രഞ്ജിത്ത് ലാൽ അവിടുത്തെ വിദ്യാർഥിയാണ്. തന്റെ ശാരീരിക അസ്വസ്ഥതകൾ കാര്യമാക്കാതെ അമ്മ വിജയമ്മ തന്നെയായിരുന്നു മകനെ സ്കൂളിൽ കൊണ്ടാക്കുകയും തിരികെ വിളിച്ചുകൊണ്ടുവരികയും ചെയ്തിരുന്നത്.
എന്നാൽ, കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരിക അസ്വസ്ഥതകൾ വിജയമ്മയെ തളർത്തിയതുകാരണം മകനെ സ്കൂളിൽ വിടാനായി വാഹനം വിട്ടുതരണമെന്ന് പഞ്ചായത്തിൽ അറിയിക്കുകയും, ഇതുപ്രകാരം രഞ്ജിത്തിനെ ബഡ്‌സ് സ്കൂളിന്റെ വാഹനത്തിൽ കൊണ്ടുപോകുകയുമായിരുന്നു.
"1998 മുതല്‍ ആരഭിച്ച സ്കൂളാണ്, അന്ന് മുതല്‍ മകന്‍ ആ സ്കൂളിലെ ആദ്യകാല വിദ്യാര്‍ഥി കൂടിയാണ്. 2024 ജൂണ്‍ 20 വരെ കോയിത്തൂര്‍കോണത്ത് അച്ഛന്‍ വണ്ടിയില്‍ കൊണ്ടാക്കുമായിരുന്നു. പിന്നീട്, വയ്യാതാകുകയും ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്ത ശേഷം വണ്ടിയില്‍ കൊണ്ടാക്കാന്‍ അച്ഛന് പറ്റാതെയായി. പഞ്ചായത്തില്‍ പറഞ്ഞപ്പോള്‍ വണ്ടി വിട്ടുതരാമെന്ന് പറഞ്ഞു" എന്ന് വിജയമ്മ പറയുന്നു.
എന്നാൽ, 'ഇപ്പോൾ റോഡ് പണി ആരംഭിച്ചതിനു ശേഷം രഞ്ജിത്തിനെ വീട്ടിൽ കൊണ്ടാക്കാതെ ഡ്രൈവര്‍ റോഡിൽ ഇറക്കിവിടക്കുയായിരുന്നു. ഇതേപറ്റി ചോദിച്ചപ്പോൾ, 'ഇവിടെ കുണ്ടും കുഴിയുമാണ്, വണ്ടി കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്, ഇവന് നടക്കാല്ലോ, കാൽ ഉണ്ടല്ലോ' എന്നൊക്കെയാണ് ഡ്രൈവർ പറഞ്ഞതെന്ന് വിജയമ്മ പറയുന്നു.
'തന്റെ ഉത്തരവാദിത്വത്തിലാണ് കുട്ടിയെ ഇവിടെ കൊണ്ടാക്കുന്നത്. അല്ലാതെ പഞ്ചായത്ത് അധികൃതർ പറഞ്ഞിട്ടില്ലെന്നും' ഡ്രൈവർ പറഞ്ഞതായി വിജയമ്മ പറയുന്നു. 'സംസ്ഥാന സർക്കാർ ഡ്രൈവറിനു ശമ്പളം കൊടുക്കുന്നുണ്ട്. എന്നിട്ടും കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ഡ്രൈവർക്കാവുന്നില്ലെന്നാണ്' വിജയമ്മ പറയുന്നത്. 'ഞങ്ങള്‍ മൂന്നുപേരും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്കൊരു പരിഗണന ലഭിച്ചില്ലെങ്കില്‍ മാനസികമായി വലിയ വിഷമം ഉണ്ടാക്കുന്നതാണ്', വിജയമ്മയുടെ വാക്കുകള്‍.
'ഇപ്പോൾ ആശ്വാസത്തിലാണ് വിജയമ്മയും കുടുംബവും. തങ്ങളുടെ പ്രശ്‍നം പരിഹരിക്കാൻ സഹായിച്ച എല്ലാവരോട് നന്ദിയും' വിജയമ്മ പറഞ്ഞു.
What's Your Reaction?






