കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം; രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങളും രത്നങ്ങളും നഷ്ടമായി
അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അമൂല്യമായ രത്നങ്ങളുമാണ് നഷ്ടമായത്
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കവടിയാർ കൊട്ടാരത്തിൽ അമൂല്യമായ സ്വർണാഭരണങ്ങളും രത്നങ്ങളും മോഷണം പോയതായി പരാതി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതീവ സുരക്ഷയുള്ള കൊട്ടാരത്തിനുള്ളിൽ നടന്ന ഈ കവർച്ച ഞെട്ടലോടെയാണ് അധികൃതർ കാണുന്നത്. മാസങ്ങൾക്ക് മുൻപേ മോഷണം നടന്നതായാണ് പ്രാഥമിക വിവരം.
അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അമൂല്യമായ രത്നങ്ങളുമാണ് നഷ്ടമായത്. 2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടുമുൻപ് അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയ്ക്ക് പത്ത് ദിവസം മുൻപ് വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
കുടുംബാംഗങ്ങൾ ആരെങ്കിലും ആവശ്യത്തിനായി എടുത്തതാകാം എന്ന ധാരണയിൽ കൊട്ടാരത്തിനുള്ളിൽ തന്നെ അന്വേഷണം നടത്തി വരികയായിരുന്നു. ആഭരണങ്ങൾ കണ്ടെത്താത്തതിനെ തുടർന്നാണ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കൊട്ടാരത്തിനുള്ളിൽ പ്രവേശിക്കാൻ അനുമതിയുള്ളവരിലേക്കും ജീവനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാൽ, സംഭവത്തെക്കുറിച്ച് കൂടുതൽ പരസ്യ പ്രതികരണങ്ങൾ നടത്താൻ കൊട്ടാര അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
What's Your Reaction?