നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും; കേരളത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് 

കേരളം, തമിഴ്‌നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളാണ് വിധിയെഴുതാൻ ഒരുങ്ങുന്നത്

Mar 15, 2026 - 12:21
Mar 15, 2026 - 12:21
 0
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും; കേരളത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് 

തിരുവനന്തപുരം/ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം നാല് മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിലാകും പ്രഖ്യാപനം. കേരളം, തമിഴ്‌നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളാണ് വിധിയെഴുതാൻ ഒരുങ്ങുന്നത്.

കേരളത്തിൽ ഏപ്രിൽ 17-നോട് അടുപ്പിച്ച് വോട്ടെടുപ്പ് നടത്താനാണ് കമ്മിഷൻ ആലോചിക്കുന്നത്. മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടായേക്കും. കേരളം, തമിഴ്‌നാട്, അസം എന്നിവിടങ്ങളിൽ ഒറ്റഘട്ടമായും പശ്ചിമബംഗാളിൽ ഒന്നിലധികം ഘട്ടങ്ങളിലുമായി തിരഞ്ഞെടുപ്പ് നടന്നേക്കാം.

പശ്ചിമബംഗാൾ    294, തമിഴ്‌നാട് 234, കേരളം 140, അസം 126, പുതുശ്ശേരി    30 എന്നിങ്ങനെയാണ് നിയമസഭാ സീറ്റുകൾ. കേരളത്തില്‍ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അന്തിമഘട്ടത്തിലാണ്. കെ. സുധാകരൻ, അടൂർ പ്രകാശ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ മത്സരത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കും. അക്കൗണ്ട് തുറക്കാനുള്ള കഠിന ശ്രമത്തിലാണ് ബി.ജെ.പി.

പശ്ചിമബംഗാളില്‍ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് 58 ലക്ഷം പേർ പുറത്തായതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പശ്ചിമബംഗാളിൽ പുകയുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നുണ്ട്. കമ്മിഷൻ ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്ന ആരോപണം രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow