കോഴിക്കോട് മെഡിക്കൽ കോളേജിൽ ലഹരിവേട്ട; ഹോം നഴ്സ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിക്ക് കൂട്ടിരിപ്പിനെത്തിയ ഹോം നഴ്സായ യുവതിയിൽ നിന്ന് 56.59 ഗ്രാം ഹാഷിഷ് ഓയിൽ പൊലീസ് പിടികൂടി. കാസർകോട് സ്വദേശിനിയായ അശ്വതിയെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ വാർഡിൽ രോഗിക്കൊപ്പം എത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 56.59 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തി.
കോഴിക്കോട് ജയിലിൽ കഴിയുന്ന ഭർത്താവിന് എത്തിച്ചുകൊടുക്കാനാണ് ലഹരിമരുന്ന് കൈവശം വെച്ചിരുന്നതെന്ന് യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി എത്തിക്കുന്ന തടവുകാർ വഴി ഭർത്താവിന് ലഹരിമരുന്ന് എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ജയിലിലേക്ക് ലഹരിമരുന്ന് എത്തിക്കാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?



