നീറ്റ് സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും തുഷാർ ഗാന്ധിയുടെ കത്ത്

Jul 30, 2026 - 21:32
Jul 30, 2026 - 21:32
 0
നീറ്റ് സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും തുഷാർ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ സിജെപി നയിച്ച സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജിയുടെ കൊച്ചുമകനും സാമൂഹിക പ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം കത്തയച്ചു.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ കാലത്ത് സമാധാനപരമായ പ്രതിഷേധങ്ങളുടെ പേരില്‍ കേസെടുക്കുന്നത് നിരാശാജനകവും ലജ്ജാകരവുമാണെന്ന് തുഷാര്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ എഫ്‌ഐആറുകള്‍ റദ്ദാക്കി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തില്‍ സംഘടിപ്പിച്ച പരിപാടികളില്‍ കേസെടുത്ത വിവരം തന്നെ അത്ഭുതപ്പെടുത്തിയെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. പ്രതിഷേധം ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശമാണെന്നും അതിനെ സര്‍ക്കാര്‍ മാനിക്കുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എംപി പ്രിയങ്ക ഗാന്ധിയും വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ നല്‍കിയിരുന്നുവെന്നും ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ കേന്ദ്രസര്‍ക്കാരും ഡല്‍ഹി പൊലീസും കര്‍ശനമായി നേരിട്ടിരുന്നുവെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിക്കുന്നു. സത്യാഗ്രഹത്തിന്റെ പാരമ്പര്യത്തില്‍നിന്ന് വളര്‍ന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും അതിനൊത്ത സമീപനമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വ്യക്തിപരമായി അടുത്ത സുഹൃത്തുക്കളായി കാണുന്നുവെന്നും അതുകൊണ്ടുതന്നെ വിഷയത്തില്‍ നീതിപൂര്‍വമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും കത്തിന്റെ അവസാനഭാഗത്ത് തുഷാര്‍ ഗാന്ധി രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow