ഇൻസ്റ്റഗ്രാം പരിചയം; 12 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയ യുവാവിന് പോക്സോ കേസ്
കൊച്ചി: ആലുവ ആലങ്ങാട് കരുമാലൂരിൽ നിന്ന് കാണാതായ 12 വയസ്സുകാരിക്കൊപ്പം കണ്ടെത്തിയ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. കൊല്ലം ക്ലാപ്പന സ്വദേശിയായ അഭിജിത്ത് (25) ആണ് അറസ്റ്റിലായി റിമാൻഡിലായത്.
ശനിയാഴ്ച മുതൽ കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പൂണെയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. യുവാവിന്റെ നിർദേശപ്രകാരം കുട്ടി അമ്മയുടെ മൊബൈൽ ഫോൺ ഓഫ് ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഫോൺ ഇടയ്ക്കിടെ ഓൺ ചെയ്തപ്പോഴുള്ള ലൊക്കേഷൻ വിവരങ്ങൾ പിന്തുടർന്നും സൈബർ പരിശോധനയിലൂടെയുമാണ് അന്വേഷണ സംഘം ഇരുവരെയും കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാം വഴിയാണ് കുട്ടിയും അഭിജിത്തും പരിചയപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഡൽഹിയിലുള്ള സുഹൃത്തിനരികിലേക്ക് പോകാമെന്ന് പറഞ്ഞാണ് യുവാവ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലുള്ള യുവാവിന്റെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
2023-ലെ ലഹരി കേസിലും പ്രതിയായ അഭിജിത്തിനെതിരെ പോക്സോ, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടു.
What's Your Reaction?



